നീലേശ്വരത്ത് ആകാശപാതയ്ക്കായി ജനകീയ പ്രക്ഷോഭം; റിലേ ജാഥയിൽ വൻ ജനപങ്കാളിത്തം

നീലേശ്വരം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നഗരത്തെ നെടുകെ പിളർക്കുന്ന കൂറ്റൻ എംബാങ്ക്‌മെന്റ് നിർമ്മാണത്തിനെതിരെ ജനകീയ പ്രതിഷേധം ഇരമ്പുന്നു. അശാസ്ത്രീയമായ നിർമ്മാണം ഒഴിവാക്കി തൂണുകളോട് കൂടിയ ആകാശപാത (ഫ്ലൈഓവർ) നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സംഘടിപ്പിച്ച റിലേ പ്രതിഷേധ ജാഥ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. യുവാക്കളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ അണിനിരന്നത്.

സമരപ്പന്തലിൽനിന്ന് ആരംഭിച്ച ജാഥ കോൺവെന്റ് ജംഗ്ഷനിൽ സമാപിച്ചു. നാളെ (ചൊവ്വാഴ്ച) വൈകിട്ട് സമരപ്പന്തലിൽ നിന്ന് കോട്ടപ്പുറം ജംഗ്ഷനിലേക്ക് റിലേ ജാഥ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. നീലേശ്വരത്തെ ജനങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ ഭാവിക്കും പുല്ലുവില കൽപ്പിക്കുന്ന ദേശീയപാത അതോറിറ്റിയുടെയും അധികൃതരുടെയും പിടിവാശിക്കെതിരെയുള്ള ശക്തമായ താക്കീതായി പ്രതിഷേധം മാറി.

ഭാരം താങ്ങാൻ ശേഷിയില്ലാത്ത ചതുപ്പുനിലത്ത് ഏഴ് മീറ്ററോളം ഉയരത്തിൽ മണ്ണിട്ട് നികത്തി നിർമ്മിക്കുന്ന എംബാങ്ക്‌മെന്റ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് വലിയ സുരക്ഷാഭീഷണിയാണ് ഉയർത്തുന്നത്. സമാന ഭൂപ്രകൃതിയുള്ള മയിച്ചയിലും പെരുമ്പയിലും അപകടസാധ്യത കണക്കിലെടുത്ത് ഫ്ലൈഓവറുകൾ അനുവദിച്ച അധികൃതർ, നീലേശ്വരത്തോട് കടുത്ത വിവേചനമാണ് കാട്ടുന്നത്.

നഗരത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്ന ഈ വന്മതിൽ ഉയരുന്നതോടെ ആശുപത്രികൾ, സ്കൂളുകൾ, പ്രധാന വ്യാപാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും താറുമാറാകും. ഇത് നീലേശ്വരത്തിന്റെ സാമ്പത്തിക-സാംസ്കാരിക-വിനോദസഞ്ചാര മേഖലകളെ തകർക്കുമെന്നും സമരസമിതി ചൂണ്ടിക്കാട്ടുന്നു. നെടുങ്ങണ്ട മുതൽ കരുവച്ചേരി വരെ തൂണുകളോട് കൂടിയ ആകാശപാത നിർമ്മിക്കുക മാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരം.

നാടിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന നിലവിലെ രൂപരേഖ മാറ്റി ആകാശപാത യാഥാർത്ഥ്യമാകും വരെ സമരം കൂടുതൽ ജനകീയമാക്കി മുന്നോട്ട് കൊണ്ടുപോകാനാണ് സമരസമിതിയുടെ തീരുമാനം.

പ്രതിഷേധ ജാഥയ്ക്ക് ജനകീയ സമരസമിതി ചെയർമാൻ ടി.സി.വി. ശ്രീനാഥ് ശശി, ജനറൽ കൺവീനർ ഡി. രാജൻ, ട്രഷറർ മഹമ്മൂദ് കോട്ടായി, വൈസ് ചെയർമാൻ രമേശൻ നായർ, കൺവീനർമാരായ കെ.പി. ജയരാജൻ, പ്രകാശൻ കൊട്ടറ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *