കുമ്പള: ബന്തിയോടിനടുത്ത് പെർമുദയിൽ ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന കാറിന് തീവെക്കുകയും കാറുകളുടെ ചില്ലുകൾ തല്ലിത്തകർക്കുകയും ചെയ്ത കേസിൽ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റിൽ. ഉപ്പള സ്വദേശി മീശ റൗഫ് എന്ന അബ്ദുൽ റൗഫി(47)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പെർമുദ പെരിയാട്ടടുക്കയിലെ രോഹിത്ഷാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള ‘ആദിയ’ ഗ്യാരേജിലാണ് സംഭവം നടന്നത്. പത്ത് ദിവസം മുമ്പ് അർദ്ധരാത്രിയോടെ നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറിലെത്തിയ പ്രതി, അറ്റകുറ്റപ്പണിക്കായി എത്തിച്ച പൈവളിഗെ സ്വദേശി അബ്ദുൽ റഷീദിന്റെ പോളോ കാറിന് പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷം വീണ്ടും അതേ ഗ്യാരേജിലെത്തിയ ഇയാൾ വടിവാൾ ഉപയോഗിച്ച് അവിടെ നിർത്തിയിട്ടിരുന്ന മറ്റ് മൂന്ന് കാറുകളുടെ ചില്ലുകൾ തല്ലിത്തകർത്തു.
ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചാണ് പ്രതി കൃത്യം നിർവഹിച്ചത് എന്നതിനാൽ തിരിച്ചറിയാൻ പൊലീസിന് വെല്ലുവിളിയായിരുന്നു. തുടർന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡും കുമ്പള പൊലീസും ചേർന്ന് പ്രദേശത്തെ അമ്പതിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ മുംബൈയിലേക്ക് കടന്ന റൗഫ്, കഴിഞ്ഞ ദിവസം ഉപ്പളയിൽ തിരിച്ചെത്തിയ വിവരമറിഞ്ഞ് പ്രത്യേക സ്ക്വാഡ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൃത്യത്തിന് ഉപയോഗിച്ച സ്കൂട്ടറും വടിവാളും കണ്ടെത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.
കാസർകോട്, മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക തുടങ്ങിയ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങി പതിനഞ്ചിലധികം കേസുകളിൽ പ്രതിയാണ് റൗഫെന്നും ഇയാൾക്കെതിരെ മുൻപ് കാപ്പ ചുമത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
















Leave a Reply