കാസർകോട്: ജില്ലയിലെ മലയോര മേഖലയിൽ പോലീസിന്റെ സിനിമാ സ്റ്റൈൽ ചേസിങ്ങിനൊടുവിൽ വൻ ലഹരിമരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന 70.87 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗ സംഘത്തെ ഡാൻസാഫും രാജപുരം പോലീസും ചേർന്ന് സാഹസികമായി പിടികൂടി.
മടിക്കേരി സ്വദേശിയും പുത്തിഗെ കട്ടത്തടുക്കയിൽ താമസക്കാരനുമായ ഷെരീഫ്, പുത്തിഗെയിലെ അബ്ദുൽ ഷഹീർ, കുമ്പള ദണ്ഡഗോളിയിലെ മുഹമ്മദ് നാസർ എന്നിവരാണ് രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ കോളിച്ചാലിൽ വെച്ച് പിടിയിലായത്.
ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷൻ. പാണത്തൂർ ഭാഗത്തുനിന്ന് ഇവരെ കണ്ടെത്താൻ പോലീസ് സംഘം ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് കാർ മുന്നോട്ട് പാഞ്ഞു. തുടർന്ന് പാണത്തൂർ മുതൽ കോടഞ്ചേരി വരെ കിലോമീറ്ററുകളോളം പോലീസ് സംഘം ഇവരെ പിന്തുടർന്നു. ഒടുവിൽ കോളിച്ചാൽ ഭാഗത്തുവെച്ച് വാഹനം കുറുകെയിട്ടാണ് ഇവരുടെ കാർ തടഞ്ഞുനിർത്തിയത്. വാഹനം നിന്നതോടെ കാറിലുണ്ടായിരുന്ന സംഘം ഓടി രക്ഷപ്പെടാൻ നോക്കിയെങ്കിലും, ഡാൻസാഫും രാജപുരം പോലീസും ചേർന്ന് ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.
ഇവിടെ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്നിന്റെ ഒരു ഭാഗം കോഴിക്കോടുണ്ടെന്ന വിവരം പോലീസിന് ലഭിക്കുന്നത്. തുടർന്ന് വിവരം ഉടൻ തന്നെ കോഴിക്കോട്ടേക്ക് കൈമാറുകയും, അവിടെ നടത്തിയ പരിശോധനയിൽ 110 ഗ്രാം എം.ഡി.എം.എയുമായി നവാസ് എന്നയാളെ പോലീസ് പിടികൂടുകയും ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.














Leave a Reply