മഞ്ചേശ്വരത്ത് കടലിൽ വീണ് ആറുവയസ്സുകാരൻ മരിച്ചു

മഞ്ചേശ്വരം: കടൽതീരത്ത് കളിക്കുന്നതിനിടെ തിരമാലയിൽപ്പെട്ട് ആറുവയസ്സുകാരൻ മരിച്ചു. കർണാടക സ്വദേശിയായ ഫൈസാൻ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ മഞ്ചേശ്വരം ഹൊസബെട്ടു കടപ്പുറത്താണ് നാടിനെ നടുക്കിയ ദാരുണമായ അപകടം സംഭവിച്ചത്.
ഹൊസബെട്ടുവിലെ ബന്ധുവീട്ടിൽ വിരുന്നിനെത്തിയതായിരുന്നു ഫൈസാൻ. മറ്റ് മൂന്ന് കുട്ടികൾക്കൊപ്പം കടൽതീരത്ത് കളിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി എത്തിയ തിരമാല കുട്ടികളെ കടലിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടികളെ കരയ്‌ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഫൈസാന്റെ ജീവൻ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്.
സംഭവമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്. വിരുന്നിനെത്തിയ വീട്ടിൽ കുരുന്നിന്റെ അപ്രതീക്ഷിത വേർപാട് വലിയ നോവായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *