മക്കയിൽ താമസസ്ഥലത്ത് തീപിടിത്തം; പുക ശ്വസിച്ച് കാസർകോട് സ്വദേശിയടക്കം മൂന്ന് പ്രവാസികൾ മരിച്ചു

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ മലയാളി ഉൾപ്പെടെ മൂന്ന് പ്രവാസികൾക്ക് ജീവൻ നഷ്ടമായി. കാസർകോട് സ്വദേശി പി.പി. മുഹമ്മദ് കുഞ്ഞി (58) ആണ് മരിച്ച മലയാളി. മക്ക അസീസിയയിലെ ഉമ്മുൽ ഖുറാ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. മുഹമ്മദ് കുഞ്ഞിയെ കൂടാതെ രണ്ട് ബംഗ്ലാദേശ് സ്വദേശികളും അപകടത്തിൽ മരിച്ചതായാണ് വിവരം.
കെട്ടിടത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് മുറിക്കുള്ളിലേക്ക് കനത്ത പുക പടരുകയായിരുന്നു. ഈ പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മൂവരും മരണപ്പെട്ടത്. പരേതനായ എം.ടി. അമീർ അലിയുടെയും പി.പി. സഫിയത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് കുഞ്ഞി. പി.പി. ഖലാം, പി.പി. റസാക്ക്, പി.പി. അഷറഫ്, പി.പി. നസീമ എന്നിവർ സഹോദരങ്ങളാണ്.
മക്കയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ, പ്രത്യേകിച്ച് കെഎംസിസിയുടെ സേവന പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു മുഹമ്മദ് കുഞ്ഞി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം മക്കയിലെ മലയാളി സമൂഹത്തെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
നിലവിൽ മക്കയിലെ അൽ നൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം, നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മക്കയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *