ഷിറിയയിൽ അപകടാവസ്ഥയിലുള്ള കൂറ്റൻ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണം: പി.ഡി.പി

കുമ്പള: മംഗൽപാടി പഞ്ചായത്തിലെ ജനവാസ കേന്ദ്രമായ ഷിറിയയിൽ അപകടാവസ്ഥയിൽ നിൽക്കുന്ന കൂറ്റൻ മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റി നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന് പി.ഡി.പി ആവശ്യപ്പെട്ടു.

അംഗനവാടി, മദ്രസ, പ്രധാന റോഡ്, വ്യാപാര സ്ഥാപനങ്ങൾ, മസ്ജിദ് കവാടം, ട്രാൻസ്‌ഫോർമർ എന്നിവ സ്ഥിതിചെയ്യുന്ന അതീവ ജനസാന്ദ്രതയുള്ള പ്രദേശത്താണ് മൂന്നോളം വന്മരങ്ങൾ ഏതുനിമിഷവും കടപുഴകി വീഴാവുന്ന വിധത്തിൽ ഭീഷണിയായി നിൽക്കുന്നത്. കഴിഞ്ഞ തവണ പെയ്ത കനത്ത മഴയിൽ ഇതിലൊരു മരത്തിന്റെ ഭാഗം ഇളകി വീണിരുന്നു. തലനാരിഴയ്ക്കാണ് അന്ന് വൻ ദുരന്തം ഒഴിവായത്.

“ഒരു വലിയ ദുരന്തത്തിന് കാത്തുനിൽക്കാതെ, സ്കൂൾ വിദ്യാർത്ഥികളുടെയും വഴിയാത്രക്കാരുടെയും ജീവൻ രക്ഷിക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണം.” — നാട്ടുകാർ

ഭരണാധികാരികളും ജനപ്രതിനിധികളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ബാധ്യസ്ഥരാണെന്നും, നാടിന്റെ ഇത്തരം പൊതുവിഷയങ്ങളിൽ ഉടൻ ഇടപെടണമെന്നും പി.ഡി.പി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളിൽ ഭീഷണിയായി നിൽക്കുന്ന മുഴുവൻ അപകട മരങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ മുറിച്ചുമാറ്റി ജനങ്ങളുടെ ഭീതി അകറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ വകുപ്പും തയ്യാറാകണമെന്നും നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *