പെരിയ: കേരള കേന്ദ്ര സർവകലാശാലയിലെ മലിനജല സംസ്‌കരണ പ്ലാന്റിൽ (STP) നിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകുന്നുവെന്ന നാട്ടുകാരുടെ പരാതിയിൽ സർവകലാശാലയ്‌ക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഹോസ്റ്റൽ കെട്ടിടത്തോടു ചേർന്നുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ചോർച്ചയെ തുടർന്ന് തണ്ണോട്ട്, കളിയങ്ങാനം പ്രദേശങ്ങളിലെ അമ്പതോളം കുടുംബങ്ങളാണ് ഗുരുതരമായ ദുരിതത്തിലായിരിക്കുന്നത്. പ്രദേശവാസികൾ പുല്ലൂർ-പെരിയ പഞ്ചായത്തിലും പോലീസിലും പരാതി നൽകിയതിനെ തുടർന്നാണ് നടപടി.
കിണറുകളും തോടും മലിനപ്പെട്ടു; കൃഷിയിടങ്ങളിലേക്കും മാലിന്യം
കക്കൂസ് മാലിന്യങ്ങൾ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കുന്ന സംവിധാനത്തിലാണ് ചോർച്ചയുണ്ടായത്. കാമ്പസിന്റെ ചുറ്റുമതിലിനടിയിലൂടെ മഴവെള്ളം ഒഴുകിപ്പോകാൻ നിർമ്മിച്ച ചാലിലൂടെ മാലിന്യം ഒലിച്ചിറങ്ങുകയായിരുന്നു. കാമ്പസിനകത്തുനിന്ന് ആരംഭിക്കുന്ന കളിയങ്ങാനം തോട്ടിലേക്കാണ് പ്രധാനമായും മാലിന്യം എത്തിയത്. ഇതോടെ സമീപപ്രദേശങ്ങളിലെ കിണറുകളും കൃഷിയിടങ്ങളും മലിനമായിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി ഈ ദുരിതം അനുഭവിക്കുകയാണെന്നും രൂക്ഷമായ ദുർഗന്ധം കാരണം ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികൾ പറയുന്നു.
പകർച്ചവ്യാധി ഭീതിയിൽ കുട്ടികൾ ചികിത്സയിൽ
മഴക്കാലം ആരംഭിച്ചതോടെ പ്രദേശത്ത് വിവിധ രോഗങ്ങൾ പടർന്നുപിടിക്കുകയാണെന്ന് നാട്ടുകാർ പഞ്ചായത്തിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ വയറുവേദനയും ദേഹത്ത് ചൊറിഞ്ഞു പൊട്ടുന്നതുമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നാല് കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കിയ സംഭവത്തിൽ സർവകലാശാല അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.













Leave a Reply