മൈലാട്ടി ചൗക്കിൽ ഹോട്ടലിൽ സമാന്തര ബാർ; 17 ലിറ്റർ വിദേശമദ്യവുമായി ഉടമ പിടിയിൽ

കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്‌ഡിൽ വൻ മദ്യശേഖരം പിടികൂടി. മയിലാട്ടി ചൗക്കിയിലെ ഹോട്ടലിൽ രഹസ്യമായി സമാന്തര ബാർ നടത്തിവരികയായിരുന്ന ഉടമ എ. അമൃതേശ്വരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ സി.കെ.വി. സുരേഷിൻ്റെ നേതൃത്വത്തിലാണ് ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയത്. പരിശോധനയിൽ 180 മില്ലി ലിറ്ററിൻ്റെ 64 ടെട്രാ പാക്കറ്റ് കർണാടക മദ്യവും, 180 മില്ലിലിറ്ററിൻ്റെ 32 കുപ്പി മധ്യപ്രദേശ് മദ്യവും ഉൾപ്പെടെ ആകെ 17 ലിറ്റർ മദ്യം കണ്ടെടുത്തു. മദ്യവിൽപ്പനയിലൂടെ ലഭിച്ച 3,050 രൂപയും തൊണ്ടിമുതലായി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. കേസ് രേഖകളും തൊണ്ടിമുതലുകളും പ്രതിയെയും തുടർനടപടികൾക്കായി ഹോസ്‌ദുർഗ് എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. ഇയാൾ മുൻപും അബ്‌കാരി കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

റെയ്‌ഡിൽ പ്രിവൻ്റീവ് ഓഫീസർ എം.എം. പ്രസാദ്, സിവിൽ എക്സൈസ് ഓഫീസർ പ്രശാന്ത് കുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വി. ശാലിനി, ഐ.ബി. ഗ്രേഡ് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എം.വി. സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീജേഷ് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *