കുമ്പള: പഠനത്തിൽ മികവു പുലർത്തുന്നതോടൊപ്പം കുട്ടികളിൽ കലാ-സാഹിത്യ അഭിരുചിയും ചിത്രരചനാ നൈപുണ്യവും വളർത്തിയെടുക്കുന്നതിൽ സ്കൂൾ കലോത്സവങ്ങൾക്ക് വലിയ പങ്കുവഹിക്കാൻ സാധിക്കുമെന്ന് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കർള അഭിപ്രായപ്പെട്ടു. കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സരങ്ങളിൽ പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും പോലെത്തന്നെ പ്രധാനമാണ് ആത്മവിശ്വാസത്തോടെ വേദിയിലെത്തുകയെന്നത്. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാനും ഒപ്പം മറ്റുള്ളവരുടെ പ്രതിഭയെ അംഗീകരിക്കാനും കുട്ടികൾ ശീലിക്കണം. ഇതിനായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരന്തരമായ പിന്തുണ അത്യന്താപേക്ഷിതമാണെന്നും വളർന്നുവരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇത്തരം കലാമേളകൾ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് മൊയ്‌ദീൻ അസീസ് കെ.എം. അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരിഫ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു, കെ.എം. അബ്ബാസ് ആരിക്കാടി, രാധാകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രധാന അധ്യാപിക ഷൈലജ ടീച്ചർ സ്വാഗതം പറഞ്ഞു.
തുടർന്ന് കെ.വി. യൂസഫ് അലി കുമ്പള, വിനിഷ ഷാജി, രത്നാകരൻ, സാഹിറ ലത്തീഫ്, മുഹമ്മദ് കുഞ്ഞി കുമ്പോൽ, കെ.ബി. യൂസഫ് കുമ്പള, മുന്ന, മഞ്ജുഷ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. അധ്യാപകനായ രവി മാസ്റ്റർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.














Leave a Reply