തിരുവനന്തപുരം: എൻ.ടി.പി.സി വഴി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള മുൻ തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻമാറുന്നു. കായംകുളം നിലയത്തിൽ നിന്നുള്ള എൽ.എൻ.ജി വൈദ്യുതി യൂണിറ്റിന് ₹30 നിരക്കിൽ വാങ്ങിയാൽ പ്രതിദിനം 12 കോടി രൂപയിലധികം അധിക സാമ്പത്തിക ബാധ്യത വരുമെന്ന് കെ.എസ്.ഇ.ബി സർക്കാരിന് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിലാണ് വലിയ ബാധ്യത ഒഴിവാക്കാനായി തീരുമാനം പുനഃപരിശോധിക്കുന്നത്.
എൻ.ടി.പി.സി വഴി വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധി സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി. ഉത്തരേന്ത്യയിൽ നിന്നുള്ള വൈദ്യുതി ലഭ്യതയടക്കം സമഗ്രമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. ഉയർന്ന വില നൽകിയുള്ള ഇടപാടുകൾ പരമാവധി ഒഴിവാക്കാനാണ് സർക്കാരിൻ്റെ ശ്രമം.
ആശ്വാസ പ്രതീക്ഷ; ആണവനിലയങ്ങളിൽ നിന്ന് വൈദ്യുതിയെത്തിക്കാൻ ശ്രമം
വരുംദിവസങ്ങളിൽ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. കേന്ദ്ര നിലയങ്ങളിൽ നിന്നും ആണവനിലയങ്ങളിൽ (NPCIL) നിന്നും കൂടുതൽ വൈദ്യുതി സംസ്ഥാനത്തേക്ക് എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.
ഇതിൻ്റെ ഭാഗമായി എൻ.പി.സി.ഐ.എൽ സി.എം.ഡിയുമായി ചർച്ച നടത്തുന്നതിനായി കെ.എസ്.ഇ.ബി സി.എം.ഡി എം.ജി. രാജമാണിക്യം നാളെ ഡൽഹിയിലേക്ക് തിരിക്കും. കൂടിക്കാഴ്ച അനുകൂലമായാൽ സംസ്ഥാനത്തെ പ്രതിസന്ധിക്ക് താല്ക്കാലിക പരിഹാരമാകും.
റെക്കോർഡ് ഉപഭോഗം വില്ലനായി
സംസ്ഥാനത്ത് മഴ കുറഞ്ഞതും ചൂട് ക്രമാതീതമായി ഉയർന്നതുമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,000 മെഗാവാട്ടിലധികം അധിക ആവശ്യകതയാണ് ഈ സെപ്റ്റംബർ മാസത്തിൽ രേഖപ്പെടുത്തിയത്. വൈകുന്നേരങ്ങളിലെ പീക്ക് സമയങ്ങളിൽ ഉപഭോഗം കുതിച്ചുയർന്നതോടെയാണ് അധിക വൈദ്യുതി കണ്ടെത്താൻ ബോർഡ് നിർബന്ധിതമായത്.















Leave a Reply