നായ്ക്കളുടെ കടിയേറ്റത് 5,303 പേർക്ക്; ഒരാൾ മരിച്ചു: കാസർകോട് ജില്ലയിൽ തെരുവുനായ ഭീതി

കാഞ്ഞങ്ങാട്: ജില്ലയിൽ തെരുവുനായ്ക്കളുടെയും ഇതര മൃഗങ്ങളുടെയും ആക്രമണം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ 5,303 പേരാണ് നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത്. പേവിഷബാധയേറ്റ് ഒരാൾ മരണപ്പെടുകയും ചെയ്തു. പൂച്ച, കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ തുടങ്ങിയ ഇതര മൃഗങ്ങളുടെ ആക്രമണം ഉൾപ്പെടെ ആകെ 7,918 പേരാണ് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തിയത്.

റിപ്പോർട്ട് ചെയ്യപ്പെടുന്ന പേവിഷബാധ കേസുകളിൽ 99 ശതമാനവും പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് ഉണ്ടാകുന്നത്. വളർത്തുനായ്ക്കളെക്കാൾ തെരുവുനായ്ക്കളുടെ കടിയേറ്റാണ് ഭൂരിഭാഗം പേരും ആശുപത്രികളിലെത്തിയത്.

നഗര-ഗ്രാമ ഭേദമില്ലാതെ പ്രധാന വഴികളിലും കവലകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്കൂളുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രി പരിസരങ്ങൾ തുടങ്ങിയ ജനത്തിരക്കേറിയ കേന്ദ്രങ്ങളിൽ പോലും നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ലെന്ന പരാതി ശക്തമാണ്. ജില്ലാ ആശുപത്രി വളപ്പിനകത്തുനിന്നു പോലും ആളുകൾക്ക് കടിയേറ്റ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകൾ

മൃഗങ്ങളുടെ കടിയേൽക്കുകയോ മാന്തൽ ഏൽക്കുകയോ ചെയ്താൽ ഒട്ടും സമയം കളയാതെ കൃത്യമായ പ്രാഥമിക ശുശ്രൂഷ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു:

  • 15 മിനിറ്റ് കഴുകുക: മുറിവേറ്റ ഭാഗം പൈപ്പ് വെള്ളത്തിലോ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് തുടർച്ചയായി 15 മിനിറ്റ് നന്നായി കഴുകി വൃത്തിയാക്കുക.
  • ഉടൻ ചികിത്സ തേടുക: പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ഒട്ടും വൈകാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടുക.

വാക്സിനേഷൻ വിവരങ്ങൾ

മുറിവിന്റെ തീവ്രതയും സ്വഭാവവും പരിശോധിച്ചാണ് ഡോക്ടർമാർ ഏതു തരം വാക്സിൻ നൽകണമെന്ന് തീരുമാനിക്കുന്നത്:

  • ഐഡിആർവി (IDRV): തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്കാണ് ഐഡിആർവി വാക്സിൻ നൽകുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയുൾപ്പെടെ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഈ വാക്സിൻ സൗജന്യമായി ലഭ്യമാണ്.
  • ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ (RIG): ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളിൽ നക്കൽ, ചുണ്ടിലോ വായയിലോ ഉള്ള സമ്പർക്കം, ആഴത്തിലുള്ള മുറിവുകൾ, വന്യമൃഗങ്ങളുടെ കടി എന്നിവയേറ്റാൽ ഇമ്യൂണോ ഗ്ലോബുലിൻ അത്യന്താപേക്ഷിതമാണ്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഈ വാക്സിൻ ലഭ്യമാണ്.

വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോൾ പാലിക്കേണ്ട മുൻകരുതലുകൾ

  • വളർത്തുമൃഗങ്ങൾക്ക് കൃത്യസമയത്ത് ആന്റി റാബിസ് വാക്സിൻ നൽകുക.
  • മൃഗങ്ങളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടാൽ ഉടൻ തന്നെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക.
  • മുഖത്തോട് മുഖം ചേർത്തു മൃഗങ്ങളെ ഓമനിക്കാതിരിക്കുക. മുഖത്തോ ചുണ്ടിലോ നക്കാൻ വളർത്തുമൃഗങ്ങളെ ഒരു കാരണവശാലും അനുവദിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *