കണ്ണൂരിൽ സ്പാകൾ കേന്ദ്രീകരിച്ച് ബംഗ്ലാദേശി റിക്രൂട്ട്മെന്റ്: നാല് പേർ പിടിയിൽ

കണ്ണൂർ: സാധുവായ വിസയോ പാസ്‌പോർട്ടോ ഇല്ലാതെ കണ്ണൂർ നഗരത്തിൽ താമസിച്ച് ജോലി ചെയ്തുവരികയായിരുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഒരു യുവതി പിടിയിലായതിനു പിന്നാലെയാണ് കൂടുതൽ പേർ വലയിലായത്. ഇതോടെ രണ്ടു ദിവസത്തിനിടെ കണ്ണൂരിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം അഞ്ചായി.

നമ അഖ്‌തർ (40), കെ. തസ്ലിമ (25), കെ. മൊയ്ന (29), നസ്റിൻ ബീബി (28) എന്നിവരാണ് പിടിയിലായത്. കണ്ണൂർ താഴെ ചൊവ്വ താണയിലെ ക്വാർട്ടേഴ്സിൽ ഒന്നിച്ച് താമസിച്ചു വരികയായിരുന്ന ഇവർ നഗരത്തിലെ പ്രമുഖ സ്പാ മസാജ് സെന്ററിലായിരുന്നു ജോലി ചെയ്തിരുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിന് (ഇന്റലിജൻസ്) ലഭിച്ച വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ക്വാർട്ടേഴ്സിൽ മിന്നൽ പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ നാലുപേരെയും റിമാൻഡ് ചെയ്തു.

കണ്ണൂർ ടൗൺ പോലീസ് ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ടൗൺ എസ്.ഐ. ടി.കെ. അഖിൽ, സി.പി.ഒ.മാരായ കിരൺ, വിജേഷ്, വനിതാ സി.പി.ഒ. നീതു എന്നിവരടങ്ങിയ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

വ്യാജ രേഖകൾ ചമച്ച് അതിർത്തി കടക്കൽ; പിന്നിൽ വൻ ഏജൻസികൾ

ബംഗ്ലാദേശിൽനിന്ന് യുവതികളെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് അനധികൃതമായി കടത്തുന്ന വലിയ മനുഷ്യക്കടത്ത് ഏജൻസികൾ സംസ്ഥാനത്തിനകത്തും പുറത്തുമായി പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു.

ഏജന്റുമാർ വഴി അതിർത്തി കടന്ന് പശ്ചിമബംഗാളിലെത്തുന്ന ഇവരെ അവിടെവെച്ച് വ്യാജ ആധാർ കാർഡുകളും സിം കാർഡുകളും തരപ്പെടുത്തി നൽകിയാണ് മറ്റ് സംസ്ഥാനങ്ങളിലേക്ക് അയക്കുന്നത്. യഥാർത്ഥ വ്യക്തിയുടെ ഫോട്ടോയും കൃഷ്ണമണിയും വിരലടയാളവും അടങ്ങിയ രേഖകൾ കൃത്രിമമായി സൃഷ്ടിക്കുന്നതിനാൽ സാധാരണ പരിശോധനകളിൽ വ്യാജ മേൽവിലാസം തിരിച്ചറിയാൻ പ്രയാസമാണ്.

പ്രധാന താവളം മസാജ്-സ്പാ സെന്ററുകൾ

പ്രധാനമായും മുംബൈ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ വഴിയാണ് കേരളത്തിലെ സ്പാകളിലേക്ക് യുവതികളെ എത്തിക്കുന്നത്. 20 മുതൽ 50 വയസ്സ് വരെയുള്ള സ്ത്രീകളെയാണ് ഇത്തരത്തിൽ റിക്രൂട്ട് ചെയ്യുന്നത്. ശമ്പളത്തിന് പുറമെ വലിയ തുക ടിപ്പായി ലഭിക്കുമെന്നതാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. താമസ്ഥലവും ജോലിസ്ഥലവും വിട്ട് പുറത്തുപോകാതെ അതീവ രഹസ്യമായാണ് ഇവരുടെ ജീവിതരീതി.

സംസ്ഥാനവ്യാപക പരിശോധനയ്ക്ക് പോലീസ്

കൂടുതൽ ബംഗ്ലാദേശി പൗരന്മാർ അനധികൃതമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തങ്ങുന്നുണ്ടെന്ന വിവരത്തെ തുടർന്ന് വരുംദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി പൂർത്തിയാകുന്നതോടെ ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *