കേരള തീരത്ത് കള്ളക്കടൽ ജാഗ്രത നിർദേശം; നാളെ രാത്രി വരെ ഉയർന്ന തിരമാലകൾക്ക് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും കന്യാകുമാരി തീരത്തും ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം (INCOIS) അറിയിച്ചു. നാളെ (26/09/2026) രാത്രി 11.30 വരെയാണ് മുന്നറിയിപ്പ് നിലനിൽക്കുന്നത്.

കേരള തീരത്ത് 0.3 മുതൽ 1.1 മീറ്റർ വരെയും, കന്യാകുമാരി തീരത്ത് 0.9 മുതൽ 1.6 മീറ്റർ വരെയും ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പ്രധാന സുരക്ഷാ നിർദേശങ്ങൾ:

  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  • ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കണം.
  • ഉയർന്ന തിരമാലയുള്ള സമയത്ത് വള്ളങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒരുപോലെ അപകടകരമാണ്. ആയതിനാൽ ഇത് പൂർണ്ണമായി ഒഴിവാക്കുക.
  • മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരവും കടലിൽ ഇറങ്ങിയുള്ള കുളിയും ഒഴിവാക്കുക.
  • മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ തമ്മിൽ കൂട്ടിയിടിക്കാത്ത വിധം സുരക്ഷിതമായ അകലം പാലിച്ച് കെട്ടിയിടുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുക.
  • തീരശോഷണത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ പ്രത്യേകം ജാഗ്രത പുലർത്തുക.

Leave a Reply

Your email address will not be published. Required fields are marked *