പൊയ്‌നാച്ചിയിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്വന്തം ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യൂത്ത് കോൺഗ്രസ് ഉദുമ നിയോജക മണ്ഡലം സെക്രട്ടറി ഹരികൃഷ്ണനെ (32) പൊയ്‌നാച്ചിയിലെ സ്വന്തം ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയാണ് സംഭവം. പൊയ്‌നാച്ചിയിൽ വിദ്യാഭ്യാസ റിക്രൂട്ടിംഗ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ.

തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. രാത്രിയായിട്ടും ഇന്ന് രാവിലെയും വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ ഉച്ചയോടെ മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. പരാതിക്കാരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ പോലീസ് പൂർത്തിയാക്കുന്നതിനിടെയാണ് ഓഫീസിനകത്ത് ഹരികൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന വിവരം ലഭിക്കുന്നത്.

വിവരമറിഞ്ഞ ഉടൻ തന്നെ മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പറമ്പ കോലാംകുന്നിലെ ജനാർദ്ദനൻ നായർ – രമ ദമ്പതികളുടെ മകനാണ്. സഹോദരൻ: രവികുമാർ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദമോ വിഷമതകളോ നേരിടുന്നവർ സഹായത്തിനായി ദിശ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക: 1056, 0471-2552056).

Leave a Reply

Your email address will not be published. Required fields are marked *