ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറയാൻ സാധ്യതയെന്ന് സൂചന. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപായി ജനങ്ങൾക്ക് ആശ്വാസമേകി പെട്രോൾ, ഡീസൽ വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിലുണ്ടായ അസ്ഥിരതയും അതുവഴി എണ്ണക്കമ്പനികൾ നേരിട്ട നഷ്ടവും അടുത്ത പത്ത് ദിവസത്തിനകം നികത്താനാകുമെന്നാണ് കമ്പനികൾ വിലയിരുത്തുന്നത്. ഇതോടെ, വരും ദിവസങ്ങളിൽ തന്നെ ഇതിന്റെ പ്രതിഫലനം ആഭ്യന്തര വിപണിയിലുണ്ടാകും. അടുത്ത 7 മുതൽ 10 ദിവസത്തിനുള്ളിൽ രാജ്യത്ത് ഇന്ധനവിലയിൽ കുറവുണ്ടാകാൻ വലിയ സാധ്യതയുണ്ടെന്നാണ് എണ്ണക്കമ്പനികളിൽ നിന്നുള്ള സൂചന.
E25 പെട്രോൾ: തിടുക്കമില്ലെന്ന് കേന്ദ്രം
അതേസമയം, രാജ്യത്ത് E25 പെട്രോൾ (20% എഥനോൾ ചേർത്ത ഇന്ധനം) പൂർണ്ണതോതിൽ നടപ്പാക്കാൻ ഇനിയും സമയമെടുക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. നിലവിലെ പരിശോധനാ റിപ്പോർട്ടുകൾ കൃത്യമായി വിലയിരുത്തിയ ശേഷം മാത്രമേ പദ്ധതി പ്രായോഗികമാക്കൂ.
വാഹന നിർമ്മാതാക്കളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുകയെന്നും മന്ത്രി അറിയിച്ചു. നിലവിൽ കാർ നിർമ്മാതാക്കളും ഉപഭോക്താക്കളും ഈ ഇന്ധനം അംഗീകരിച്ചിട്ടുണ്ടെന്നും ഹർദീപ് സിങ് പുരി കൂട്ടിച്ചേർത്തു.















Leave a Reply