തിരുവനന്തപുരം: 2026 സെപ്റ്റംബർ 25-നകം ഡ്രൈവിങ് ലൈസൻസിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് കേരള മോട്ടോർ വാഹന വകുപ്പ് (MVD) അറിയിച്ചു.
വാഹന സംബന്ധമായ വിവിധ സേവനങ്ങൾ തടസ്സമില്ലാതെയും സുഗമമായും ലഭ്യമാക്കുന്നതിന് ഡ്രൈവിങ് ലൈസൻസിൽ ഉടമയുടെ മൊബൈൽ നമ്പർ ബന്ധിപ്പിക്കേണ്ടത് ആവശ്യമാണെങ്കിലും, ഇതിനായി അവസാന തീയതിയോ സമയപരിധിയോ നിശ്ചയിച്ചിട്ടില്ലെന്ന് വകുപ്പ് വ്യക്തമാക്കി. അതിനാൽ ഇത്തരം വ്യാജ സന്ദേശങ്ങളിൽ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അത്തരം പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം?
ലൈസൻസ് ഉടമകൾക്ക് ഓഫീസുകൾ സന്ദർശിക്കാതെ തന്നെ സ്വന്തമായി മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ സൗകര്യമുണ്ട്:
- കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലായ sarathi.parivahan.gov.in സന്ദർശിക്കുക.
- പോർട്ടലിലെ ‘Others’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
- അതിൽ നൽകിയിട്ടുള്ള ‘Update Mobile Number’ എന്ന ലിങ്ക് വഴി നിലവിലെ മൊബൈൽ നമ്പർ രേഖപ്പെടുത്തി അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
സ്വന്തമായി ഓൺലൈൻ വഴി ഇത് ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെട്ടാൽ മതിയെന്നും അധികൃതർ അറിയിച്ചു. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക വിവരങ്ങൾക്കും സംശയങ്ങൾക്കും വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലെ അറിയിപ്പുകൾ മാത്രം പിന്തുടരുക.
















Leave a Reply