കാസർകോട്: സൗഹൃദം നടിച്ച് അപരിചിതൻ തട്ടിയെടുത്ത മൊബൈൽ ഫോൺ ആറ് മാസത്തെ അന്വേഷണത്തിനൊടുവിൽ ഉടമയ്ക്ക് തിരികെ നൽകി കാസർകോട് സൈബർ ക്രൈം പൊലീസ്. പ്രമുഖ കവിയും സാംസ്കാരിക പ്രവർത്തകനുമായ ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ എ. ബെണ്ടിച്ചാൽ (അബ്ദുല്ല ബെണ്ടിച്ചാൽ) എന്നയാൾക്കാണ് നഷ്ടപ്പെട്ട ഫോൺ സൈബർ പൊലീസിന്റെ ഇടപെടലിലൂടെ തിരികെ ലഭിച്ചത്.
കഴിഞ്ഞ മാർച്ച് 13-നായിരുന്നു സംഭവം. കാസർകോട് ടൗണിലെ ഒരു കടയിൽ വെച്ചാണ് അപരിചിതനായ ഒരാൾ എ. ബെണ്ടിച്ചാലുമായി സൗഹൃദം സ്ഥാപിക്കുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുകയും നായക്സ് റോഡിലെ പാർക്കിങ് ഗ്രൗണ്ടിലിരുന്ന് സംസാരിക്കുകയും ചെയ്തു. ഇതിനിടെ ബെണ്ടിച്ചാൽ അല്പം മയങ്ങിപ്പോയി. ഉണർന്നു നോക്കിയപ്പോൾ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായും ഒപ്പമുണ്ടായിരുന്ന അപരിചിതൻ കടന്നുകളഞ്ഞതായും വ്യക്തമായി.
തട്ടിപ്പിനിരയായ വിവരം മനസ്സിലായതോടെ അദ്ദേഹം ഉടൻ തന്നെ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പൊലീസ് നടത്തിയ സാങ്കേതിക പരിശോധനയിലാണ് ഫോൺ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്ത്രീ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് പൊലീസ് ഇവരുമായി ബന്ധപ്പെട്ടപ്പോഴാണ് കാഞ്ഞങ്ങാട്ടെ ഒരു കടയിൽ നിന്ന് 2000 രൂപയ്ക്കാണ് ഈ ഫോൺ വാങ്ങിയതെന്ന വിവരം പുറത്തുവന്നത്. മറ്റൊരാളിൽ നിന്ന് മോഷ്ടിച്ച ഫോണാണിതെന്ന് വ്യക്തമാക്കിയതോടെ, ഫോൺ വിട്ടുനൽകാൻ ഇവർ തയ്യാറായി. തുടർന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷൻ മുഖേന കൊറിയർ വഴിയാണ് ഫോൺ കാസർകോട്ടേക്ക് എത്തിച്ചത്. കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ മോഹൻ അരവത്ത് ഫോൺ എ. ബെണ്ടിച്ചാലിന് കൈമാറി.














Leave a Reply