കുറ്റിക്കോലിൽ അടച്ചിട്ട വീടിന്റെ പിൻവാതിൽ തകർത്ത് 1200-ഓളം തേങ്ങകൾ കവർന്നു; ബേഡകം പോലീസ് അന്വേഷണം ആരംഭിച്ചു

കുറ്റിക്കോൽ: ആളൊഴിഞ്ഞ വീടിന്റെ പിൻവാതിൽ തകർത്ത് വൻ തേങ്ങാ മോഷണം. കുറ്റിക്കോൽ അർത്തുട്ടിപാറയിലെ അടച്ചിട്ട വീട്ടിൽ നിന്നാണ് 1200-ഓളം തേങ്ങകൾ മോഷ്ടാക്കൾ കവർന്നത്. കരിവേടകം പടുപ്പ് സ്വദേശി എം.ജെ. ജോസഫിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്.

കഴിഞ്ഞ ദിവസം രാവിലെ 10.30-ഓടെയാണ് സംഭവം വീട്ടുകാരുടെയും നാട്ടുകാരുടെയും ശ്രദ്ധയിൽപ്പെടുന്നത്. വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന സംഘം സൂക്ഷിച്ചിരുന്ന തേങ്ങകൾക്ക് പുറമെ, വീട്ടിനുള്ളിലുണ്ടായിരുന്ന രണ്ട് വലിയ പാരകളും മൂന്ന് കത്തികളും സാധനങ്ങൾ കൊണ്ടുപോകാനായി ചാക്കുകളും കടത്തിക്കൊണ്ടുപോയി.

മോഷ്ടിക്കപ്പെട്ട സാധനങ്ങൾക്ക് വിപണിയിൽ ഏകദേശം 30,000 രൂപയോളം വിലവരുമെന്ന് കണക്കാക്കുന്നു. സംഭവത്തിൽ പ്രദേശവാസിയായ ഒരാളെ കേന്ദ്രീകരിച്ച് അയൽവാസികൾ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബേഡകം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *