കുട്ടികൾ സ്കൂട്ടറെടുത്താൽ പണി രക്ഷിതാക്കൾക്ക്; കുമ്പളയിൽ പോലീസ് നടപടി കർശനമാക്കി

കുമ്പള: റോഡുകളിൽ പ്രായപൂർത്തിയാവാത്ത കുട്ടികളുടെ സാഹസിക ഡ്രൈവിംഗ് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുമ്പളയിൽ പോലീസ് നടപടി കർശനമാക്കി. സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സ്കൂട്ടർ ഓടിച്ച മൂന്ന് കുട്ടികളെയും വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾക്ക് വാഹനം ഓടിക്കാൻ നൽകിയ രക്ഷിതാക്കൾക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിൽ രണ്ട് പേർ കുട്ടികളുടെ മാതാക്കളാണ്.
എസ്.ഐ അനന്തകൃഷ്ണൻ ആർ. മേനോന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പെർവാട് ജംഗ്ഷനിൽ വാഹന പരിശോധനയ്ക്കിടയിൽ സ്കൂട്ടറിൽ അമിതവേഗതയിൽ എത്തിയ 15-കാരനെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ മാതാവാണ് സ്കൂട്ടർ നൽകിയതെന്ന് കുട്ടി വെളിപ്പെടുത്തിയതോടെ, കുണ്ടങ്കേരടുക്ക സ്വദേശിനി പാർവതിക്കെതിരെ കേസെടുത്തു. പിന്നാലെ ആരിക്കാടി അണ്ടർപ്പാസിനടുത്ത് വെച്ച് സ്കൂട്ടറുമായി വന്ന 17-കാരനെ പോലീസ് തടഞ്ഞു. ഉമ്മയാണ് വാഹനം നൽകിയതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ബംബ്രാണ സ്വദേശിനി ബൽക്കീസിനെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
പെർവാട് സർവീസ് റോഡിൽ വെച്ച് പിടിയിലായ മറ്റൊരു 15-കാരന്റെ മൊഴിപ്രകാരം വാഹനം നൽകിയ ഇളയുപ്പ ഉപ്പള സ്വദേശി അൻവറിനെതിരെയും കേസെടുത്തിട്ടുണ്ട്. കുട്ടികളെ പിന്നീട് രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
പ്രായപൂർത്തിയാവാത്തവർ മൂന്നും നാലും പേരെ സ്കൂട്ടറിൽ ഇരുത്തി അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നത് പതിവാണെന്ന് എസ്.ഐ അനന്തകൃഷ്ണൻ പറഞ്ഞു. എന്നാൽ ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കുമ്പോൾ, തങ്ങളുടെ മക്കൾക്ക് സ്കൂട്ടർ ഓടിക്കാൻ അറിയില്ലെന്നും അവർ ഇങ്ങനെയൊന്നും ചെയ്യില്ലെന്നുമാണ് പലരും പ്രതികരിക്കാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും കുട്ടികൾക്ക് വാഹനം നൽകുന്നവർ കനത്ത നിയമനടപടി നേരിടേണ്ടി വരുമെന്നും കുമ്പള പോലീസ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *