അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും

കൽപ്പറ്റ: അനധികൃതമായി വൻതോതിൽ മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസിൽ ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ് സംഘം. ഇതിനായി അന്വേഷണ സംഘം ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ മാനന്തവാടി ജില്ലാ ജയിലിൽ റിമാൻഡിലാണ് ആന്റോ അഗസ്റ്റിൻ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.

മെസ്സിയുടെ പേരിൽ നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘം വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നടത്തിയ റെയ്ഡിലാണ് വൻ മദ്യശേഖരം കണ്ടെത്തിയത്. വീട്ടിൽ നിന്ന് പിടിച്ചെടുത്ത ആകെ 67 ലിറ്റർ മദ്യത്തിൽ 12.75 ലിറ്റർ വ്യാജമദ്യമാണെന്ന് എക്സൈസ് വ്യക്തമാക്കി. ഇതിനുപുറമെ 43 ലിറ്റർ വിദേശമദ്യവും 22 ലിറ്റർ വൈനും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

നിയമപ്രകാരം സംസ്ഥാനത്ത് ഒരാൾക്ക് വീട്ടിൽ സൂക്ഷിക്കാനാകുന്നത് പരമാവധി മൂന്ന് ലിറ്റർ മദ്യം മാത്രമാണ്. സ്വന്തം ആവശ്യത്തിനാണെങ്കിൽ പോലും 67 ലിറ്റർ മദ്യം വീട്ടിൽ സൂക്ഷിക്കാൻ കുറഞ്ഞത് 12 മുതിർന്ന വ്യക്തികൾ അവിടെ സ്ഥിരതാമസക്കാരാണെന്ന് തെളിയിക്കേണ്ടതുണ്ട്. എന്നാൽ ഇത് സംബന്ധിച്ച രേഖകളോ തെളിവുകളോ ഹാജരാക്കാൻ ആന്റോ അഗസ്റ്റിന് കഴിഞ്ഞില്ല.

വില്പന ലക്ഷ്യമിട്ടാണ് മദ്യം ശേഖരിച്ചതെന്ന സംശയത്തിലാണ് എക്സൈസ്. ആന്റോ അഗസ്റ്റിനെതിരെയുള്ള മുൻ ക്രിമിനൽ പശ്ചാത്തലം കൂടി പരിഗണിച്ച് കേരള അബ്കാരി നിയമത്തിലെ 55(a), 55(i), 58 തുടങ്ങിയ കർശന വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. ഇത്രയും വലിയ അളവിൽ മദ്യം എത്തിച്ചതിൽ വലിയ തോതിലുള്ള നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന കാര്യവും എക്സൈസിന്റെ വിശദമായ അന്വേഷണപരിധിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *