അനധികൃത മദ്യശേഖരം: റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൊച്ചി: പരിധിയിൽ കവിഞ്ഞ അളവിൽ വിദേശമദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ചാനൽ ഓഫീസിലെത്തിയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആന്റോയെ കസ്റ്റഡിയിലെടുത്തത്.

വയനാട് വാഴവറ്റയിലുള്ള ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ അനധികൃത മദ്യശേഖരം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ ആന്റോ അഗസ്റ്റിൻ മാത്രമാണ് കേസിലെ പ്രതിയെന്ന് വ്യക്തമാക്കിയ എക്സൈസ്, ആലുവ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം ഇയാളെ വയനാട്ടിലെത്തിച്ച് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നും അറിയിച്ചു.

അറസ്റ്റിനിടെ നാടകീയ രംഗങ്ങൾ

കൊച്ചിയിലെ ഓഫീസിൽ എക്സൈസ് സംഘമെത്തിയപ്പോൾ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എഫ്ഐആറിന്റെ പകർപ്പ് കാണിക്കാതെ കസ്റ്റഡിയിൽ പോകാൻ തയ്യാറല്ലെന്ന് ആന്റോ അഗസ്റ്റിൻ നിലപാടെടുത്തു. ഉദ്യോഗസ്ഥർ ഡിജിറ്റൽ കോപ്പി കാണിച്ചെങ്കിലും ഹാർഡ് കോപ്പി തന്നെ വേണമെന്ന് വാശിപിടിച്ചതിനെത്തുടർന്ന്, പെരുമ്പാവൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മനോജ്‌ കുമാർ നേരിട്ടെത്തി എഫ്ഐആർ കൈമാറിയ ശേഷമാണ് അറസ്റ്റ് പൂർത്തിയാക്കിയത്.

ചുമത്തിയത് കടുത്ത വകുപ്പുകൾ

അബ്കാരി ആക്ടിലെ 55(എ), 55(ഐ), 58 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  • വകുപ്പ് 55(എ): നിയമവിരുദ്ധമായി മദ്യം കടത്തലും കൈവശം വെക്കലും (കുറ്റത്തിന് 10 വർഷം വരെ തടവും കുറഞ്ഞത് ഒരു ലക്ഷം രൂപ പിഴയും).
  • വകുപ്പ് 55(ഐ): അനധികൃത വിൽപ്പനയോ വിൽപ്പനക്കായി മദ്യം സൂക്ഷിക്കലോ.
  • വകുപ്പ് 58: നികുതി വെട്ടിച്ചുള്ള മദ്യം കൈവശം വെക്കൽ.

പിടിച്ചെടുത്തത് വൻ മദ്യശേഖരം

വാഴവറ്റയിലെ വസതിയിൽ നിന്ന് ഒരാൾക്ക് സൂക്ഷിക്കാവുന്നതിലും എത്രയോ ഇരട്ടി മദ്യമാണ് കണ്ടെടുത്തത്:

  • 43 ലിറ്റർ വിദേശമദ്യം
  • 7 ലിറ്റർ വിദേശ വൈൻ
  • 13 ലിറ്റർ വീട്ടിലുണ്ടാക്കിയ (Homemade) വൈൻ
  • ഇന്ത്യയിൽ വിൽപനാനുമതിയില്ലാത്ത വിദേശ മദ്യക്കുപ്പികൾ

എസ്ഐടി റെയ്ഡ് 20 മണിക്കൂർ നീണ്ടു; വിദേശ കറൻസിയും രേഖകളും കസ്റ്റഡിയിൽ

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നടത്തിയ 20 മണിക്കൂർ നീണ്ട റെയ്ഡ് പുലർച്ചെ 2:30-ഓടെയാണ് അവസാനിച്ചത്. പിന്നാലെയായിരുന്നു എക്സൈസ് നടപടി. റെയ്ഡിൽ മെമ്മറി കാർഡുകൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകൾ, 6,300 യുഎസ് ഡോളർ എന്നിവ എസ്ഐടി പിടിച്ചെടുത്തു.

രേഖകൾ പരിശോധിച്ച് വരുന്നു: ഡിജിപി

ചാനൽ ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ എസ്ഐടി പരിശോധിച്ച് വരികയാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ ന്യൂഡൽഹിയിൽ അറിയിച്ചു. മെസ്സിയുടെ പേരിലുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്യണമോ എന്ന കാര്യം എസ്ഐടിയാണ് തീരുമാനിക്കുക. കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നത് രേഖകൾ പരിശോധിച്ച ശേഷമേ വ്യക്തമാകൂ. പരിശോധനാ വേളയിൽ ഫോണുകൾ മാറ്റിവെപ്പിച്ചത് സാധാരണ നടപടി മാത്രമാണെന്നും ചാനൽ സംപ്രേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും ഡിജിപി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *