ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പ്: കാസർകോടിൻ്റെ അനൈത നമ്പ്യാർക്ക് വെങ്കലം

കാസർകോട്: ഛത്തീസ്ഗഡിലെ രുദ്രപൂരിൽ നടന്ന അണ്ടർ-17 ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി വെങ്കല മെഡൽ നേടി കാസർകോടിൻ്റെ അഭിമാനമായി പത്താം ക്ലാസുകാരി അനൈത നമ്പ്യാർ. കാസർകോട് മീപ്പുഗിരി സ്വദേശിനിയായ അനൈത കരിയറിലെ തൻ്റെ ആദ്യ ദേശീയ മെഡൽ നേട്ടമാണ് ഈ ചാമ്പ്യൻഷിപ്പിലൂടെ സ്വന്തമാക്കിയത്.

മീപ്പുഗിരിയിലെ മുൻ സബ് ട്രഷറി ഓഫീസർ പി.കെ. മുരളീകൃഷ്ണൻ്റെയും ബെദിര സ്കൂൾ അധ്യാപിക പുഷ്പവല്ലിയുടെയും മകളാണ് അനൈത. കാസർകോട് ഖേലോ ഇന്ത്യ സെൻ്ററിൽ കോച്ച് ഡോണ മരിയ ടോമിൻ്റെ കീഴിലായിരുന്നു താരം ആദ്യഘട്ട പരിശീലനം നേടിയത്. നിലവിൽ രാജ്യത്തെ പ്രശസ്തമായ കായിക പരിശീലന സ്ഥാപനമായ ‘നാഷണൽ സെൻ്റർ ഓഫ് എക്സലൻസ്’ (NCOE) വിദ്യാർത്ഥിനിയാണ്.

സംസ്ഥാന തലത്തിൽ നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും, ദേശീയ തലത്തിൽ അനൈത നേടുന്ന ആദ്യ മെഡലാണിത്. പൊതുവിദ്യാലയങ്ങൾ മികവിൻ്റെ കേന്ദ്രങ്ങളാണെന്നതിന് മികച്ച ഉദാഹരണമാണ് അനൈതയുടെ ഈ നേട്ടമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. അനൈതയുടെ കായിക മികവ് ആദ്യമായി കണ്ടെത്തുകയും കരിയറിന് മികച്ച അടിത്തറയിട്ട് പ്രോത്സാഹനം നൽകുകയും ചെയ്തത് പൂർവ്വ വിദ്യാലയമായ ബെദിര പി.ടി.എം.എ.യു.പി സ്കൂളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *