അഖിലേന്ത്യാ ചൂണ്ടയിടൽ മത്സരം നവംബർ ആദ്യവാരം ഷിറിയ പുഴയിൽ

കാസർകോട്: ജില്ലയുടെ ടൂറിസം സാധ്യതകൾക്ക് പുതിയ ഉണർവേകി അഖിലേന്ത്യാ തലത്തിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിക്കുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി) കാസർകോട് ബ്ലോക്ക് പഞ്ചായത്തും കെ.പി.എസ്. കയാക്കിങ് സെന്ററിന്റെ സഹകരണത്തോടെയാണ് മത്സരം ഒരുക്കുന്നത്. നവംബർ ആദ്യവാരം കുമ്പള ഗ്രാമപഞ്ചായത്തിലെ ഷിറിയ പുഴയിലാണ് മത്സരം നടക്കുക.

പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന വിനോദമെന്ന നിലയിലും പരമ്പരാഗത രീതികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും. വിജയികൾക്ക് ആകർഷകമായ പ്രൈസ് മണിയും ട്രോഫികളും സമ്മാനമായി നൽകും.

മത്സര സംഘാടനവുമായി ബന്ധപ്പെട്ട് കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ആലോചനായോഗം ചേർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. അബ്ദുള്ളക്കുഞ്ഞി ചെർക്കള യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജിജേഷ് സ്വാഗതം പറഞ്ഞു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ എം.എ. നസീബ് പരിപാടികൾ വിശദീകരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുൻ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷറഫ് കർള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയ മാഹിൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. മൊയ്തീൻ എന്നിവരും ജനപ്രതിനിധികളായ സി.വി. ജെയിംസ്, സോയ ലത്തീഫ്, ഷാഹിദ, നസീമ കൊടിയമ്മ, ലീല, ഖാദർ മാന്യ തുടങ്ങിയവരും യോഗത്തിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *