കോഴിക്കോടിന് പിന്നാലെ മലപ്പുറത്തും ഷിഗല്ല സ്ഥിരീകരിച്ചു; ജാഗ്രതാനിർദേശം

മലപ്പുറം: കോഴിക്കോടിന് പിന്നാലെ മലപ്പുറം ജില്ലയിലും ഷിഗല്ല ബാധ സ്ഥിരീകരിച്ചു. നിലമ്പൂർ മേഖലയിലാണ് മൂന്നുപേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് കർശന ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു.

അമരമ്പലത്തെ കടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരിക്കും, പാലുണ്ടയിലെ ഒരു കടയിൽ നിന്ന് മന്തി കഴിച്ച രണ്ടുപേർക്കുമാണ് നിലവിൽ ഷിഗല്ല സ്ഥിരീകരിച്ചത്. ഇവർക്ക് പുറമെ വയറിളക്കം, കഠിനമായ വയറുവേദന തുടങ്ങിയ രോഗലക്ഷണങ്ങളോടെ 23 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പരിശോധനാഫലം പുറത്തുവന്ന ശേഷമേ കൂടുതൽ സ്ഥിരീകരണം സാധ്യമാകൂ എന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

നേരത്തെ കോഴിക്കോട് മേപ്പയിൽ സ്കൂളിലെ മൂന്ന് വിദ്യാർഥികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. സ്കൂളിലെ കിണർവെള്ളത്തിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇവിടെ രോഗലക്ഷണങ്ങളോടെ നിരവധി കുട്ടികൾ ചികിത്സയിലുണ്ടെങ്കിലും ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ഈ സ്കൂളിന് നിലവിൽ താൽക്കാലിക അവധി നൽകിയിരിക്കുകയാണ്.

ഭക്ഷണവും കുടിവെള്ളവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് പൊതുജനങ്ങളോട് നിർദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *