കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രൈബ്യൂണൽ വ്യക്തമാക്കി. റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നത് നിയമപ്രകാരം ക്രിമിനൽ കുറ്റമാണെന്നും, സ്വന്തം ജാഗ്രതക്കുറവും നിയമലംഘനവും മൂലം അപകടത്തിൽപ്പെടുന്നവർക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്നും ട്രൈബ്യൂണൽ ഉത്തരവിൽ വ്യക്തമാക്കി.
മാവേലിക്കര റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ നൽകിയ നഷ്ടപരിഹാര അപേക്ഷ തള്ളിക്കൊണ്ടാണ് ട്രൈബ്യൂണലിന്റെ ഈ സുപ്രധാന വിധി.
കൊല്ലം–എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ട്രെയിനിൽ നിന്ന് വീണാണ് പരിക്കേറ്റതെന്നും, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിലായിരുന്നുവെന്നും കാണിച്ച് 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്. എന്നാൽ, ഈ വാദം തെറ്റാണെന്ന് കൃത്യമായ തെളിവുകൾ നിരത്തി റെയിൽവേ അധികൃതർ ട്രൈബ്യൂണലിൽ വ്യക്തമാക്കി.
പ്ലാറ്റ്ഫോമുകളിലേക്ക് മാറുന്നതിനായി ഫുട് ഓവർ ബ്രിഡ്ജ് ലഭ്യമായിരിക്കെ, അത് ഉപയോഗിക്കാതെ അപകടകരമായ രീതിയിൽ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നുവെന്ന് റെയിൽവേ ചൂണ്ടിക്കാട്ടി. കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ട്രാക്കിലൂടെ നടക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. ട്രെയിൻ യാത്രയ്ക്കിടെ അപ്രതീക്ഷിതമായുണ്ടാകുന്ന അപകടങ്ങൾക്ക് മാത്രമേ നിയമപ്രകാരം റെയിൽവേ നഷ്ടപരിഹാരം നൽകേണ്ടതുള്ളൂ എന്ന വാദം അംഗീകരിച്ചാണ് ട്രൈബ്യൂണൽ ഹർജി തള്ളിയത്.
















Leave a Reply