കുടുംബവഴക്ക് കൂട്ടക്കൊലയിൽ കലാശിച്ചു; ഭാര്യയെയും ആറ് ബന്ധുക്കളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെയും ഭാര്യാമാതാവും ഏഴുവയസ്സുകാരനും ഉൾപ്പെടെ കുടുംബത്തിലെ ഏഴുപേരെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ടാക്സി ഡ്രൈവർ പിടിയിലായി. ബെംഗളൂരു രാജാജിനഗർ സ്വദേശിയായ ഇന്ദു ശേഖർ (45) ആണ് പോലീസിന്റെ പിടിയിലായത്.

ഇന്ദു ശേഖറിന്റെ ഭാര്യ സുനിത, ഭാര്യാമാതാവ് രൂപവതി, സുനിതയുടെ സഹോദരന്മാരായ ശിവകുമാർ, ശങ്കർ, ഇവരുടെ ഭാര്യമാരായ ദിവ്യ, നളിനി, ശങ്കറിന്റെ ഏഴ് വയസ്സുള്ള മകൻ പുനീത് എന്നിവരാണ് കൊല്ലപ്പെട്ടത്.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു പ്രതി കൊലപാതകങ്ങൾ നടത്തിയത്. ഭാര്യ സുനിതയെ ആദ്യം കൊലപ്പെടുത്തിയ ശേഷം, വീട്ടിൽ പാർട്ടിയുണ്ടെന്ന് പറഞ്ഞാണ് സുനിതയുടെ സഹോദരന്മാരെ ഇയാൾ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. ഇവരെ കൊലപ്പെടുത്തിയതിന് പിന്നാലെ ഇവരുടെ ഭാര്യമാരെയും അമ്മായിയമ്മയെയും ഏഴുവയസ്സുകാരനായ കുട്ടിയെയും ഓരോരുത്തരായി വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു.

അരക്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് ഏഴുപേരെയും കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ സ്വന്തം വാഹനത്തിൽ കയറ്റി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും നന്ദി ഹിൽസ് ഉൾപ്പെടെയുള്ള വിജനമായ പ്രദേശങ്ങളിലേക്കും കൊണ്ടുപോയി ഉപേക്ഷിക്കുകയായിരുന്നു. വീട്ടിലെ രക്തക്കറകളും മറ്റ് തെളിവുകളും നശിപ്പിക്കുന്നതിനായി പ്രതി രാസവസ്തുക്കൾ ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.

ബന്ധുക്കളെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. കൊല്ലപ്പെട്ട ഏഴു വയസ്സുകാരൻ പുനീതിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തു. മറ്റ് ആറ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായി പോലീസ് സംഘം പ്രദേശങ്ങളിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *