നീലേശ്വരത്ത് പത്താം ക്ലാസ് വിദ്യാർത്ഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവം; ബാലാവകാശ കമ്മിഷൻ കേസെടുത്തു

നീലേശ്വരം: കാസർകോട് നീലേശ്വരം അഴിത്തലയിൽ പത്താം ക്ലാസ് വിദ്യാർത്ഥി നീരജ് സന്തോഷ് ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ ഇടപെടൽ.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവി, വിദ്യാഭ്യാസ ഉപ ഡയറക്ടർ (ഡിഡിഇ), ജില്ലാ ശിശു സംരക്ഷണ ഓഫീസർ (ഡിസിപിഒ) എന്നിവരോട് കമ്മിഷൻ അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടു.

പതിനഞ്ചുകാരനായ നീരജ് സന്തോഷിന്റെ മരണത്തിൽ സ്കൂൾ അധികൃതർക്കും അധ്യാപകർക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്കൂളിൽ നിന്നുള്ള കടുത്ത മാനസിക സമ്മർദമാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

കമ്മിഷന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വകുപ്പുതല റിപ്പോർട്ടുകൾ ലഭിച്ച ശേഷം ബാലാവകാശ കമ്മിഷൻ തുടർനടപടികൾ സ്വീകരിക്കും.

(ശ്രദ്ധിക്കുക: മാനസിക വിഷമങ്ങൾ നേരിടുകയാണെങ്കിൽ അതിജീവിക്കാൻ സഹായം ലഭ്യമാണ്. ദിശ ഹെൽപ്പ്‌ലൈൻ: 1056, 0471-2552056, ടെലി-മാനസ്: 14416).

Leave a Reply

Your email address will not be published. Required fields are marked *