കുമ്പളയിൽ ബൈക്ക് തോട്ടിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കുമ്പള: പെട്രോൾ തീർന്നതിനെ തുടർന്ന് ബൈക്ക് തള്ളിക്കൊണ്ടുവരുന്നതിനിടെ തോട്ടിലേക്ക് മറിഞ്ഞ് സെൻട്രിംഗ് തൊഴിലാളി മരിച്ചു. കുമ്പള കെ.കെ. റോഡിലെ പരേതനായ ഉമേഷ്–സുശീല ദമ്പതികളുടെ മകൻ സുഭാഷ് (40) ആണ് മരിച്ചത്.

ഇന്നലെ രാത്രി 7.30-ഓടെയായിരുന്നു അപകടം. സെൻട്രിംഗ് സാമഗ്രികൾ ടെമ്പോയിൽ കയറ്റി മടങ്ങുന്നതിനിടെ ചേടിക്കാവ് റോഡിലെത്തിയപ്പോൾ സുഭാഷിന്റെ ബൈക്കിലെ ഇന്ധനം തീരുകയായിരുന്നു. തുടർന്ന് കയറ്റത്തിൽ ബൈക്ക് തള്ളിക്കൊണ്ടുവരുന്നതിനിടെ നിയന്ത്രണം തെറ്റി ബൈക്കുമായി സുഭാഷ് തോട്ടിലേക്ക് വീഴുകയായിരുന്നു.

ബൈക്ക് ശരീരത്തിലേക്ക് വീണ് സുഭാഷിന് തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരിക്കേറ്റു. പിന്നാലെ സാമഗ്രികളുമായി വന്ന ടെമ്പോയിലെ തൊഴിലാളികൾ ഉടൻതന്നെ സുഭാഷിനെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെറ്റിയിലുണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

ഭാര്യ: സുമതി. മക്കൾ: കൗശിക്, സനുഷ.

Leave a Reply

Your email address will not be published. Required fields are marked *