ബെംഗളൂരുവിൽ മലയാളി യുവാവിനെ അടിച്ചുകൊന്നു; പെൺസുഹൃത്തിന്റെ പിതാവ് അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി യുവാവിനെ പെൺസുഹൃത്തിന്റെ പിതാവ് അടിച്ചുകൊന്നു. പാലക്കാട് തിരുവേഗപ്പുറം സ്വദേശി കിരൺ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കിരണിന്റെ തൊഴിലുടമ കൂടിയായ ആനന്ദിനെ യെലഹങ്ക പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ രണ്ടു വർഷമായി ആനന്ദിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു കിരൺ. ഇതിനിടെ ആനന്ദിന്റെ മകളായ 19-കാരിയുമായി കിരൺ അടുപ്പത്തിലായി. മൈസൂരുവിൽ വിദ്യാർത്ഥിനിയായ പെൺകുട്ടി അവധി പ്രമാണിച്ച് വീട്ടിലെത്തിയിരുന്നു. തമിഴ്‌നാട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ആനന്ദും ഭാര്യയും വീട്ടിൽ നിന്നിറങ്ങിയതിനു പിന്നാലെ കിരൺ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

എന്നാൽ അപ്രതീക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയ ആനന്ദ് മകൾക്കൊപ്പം കിരണിനെ കണ്ട് പ്രകോപിതനാവുകയായിരുന്നു. തുടർന്ന് മകളെ ബന്ധുവീട്ടിലേക്ക് മാറ്റിയ ശേഷം ക്രിക്കറ്റ് ബാറ്റും പൈപ്പും ഉപയോഗിച്ച് ഇയാൾ കിരണിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം.

അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ സംഭവസ്ഥലത്തുതന്നെ കുഴഞ്ഞുവീണു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ പൊലീസ് ആനന്ദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കിരണിന്റെ മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *