പാൽ വില വർധനവിന് പിന്നാലെ കർണാടകയിൽ ബസ് ചാർജും കൂട്ടാൻ നീക്കം; തീരുമാനം ഉടൻ

ബെംഗളൂരു: പാൽ വില വർധിപ്പിച്ചതിന് പിന്നാലെ കർണാടകയിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള നാല് പൊതുഗതാഗത കോർപ്പറേഷനുകളിലും ബസ് ചാർജ് വർധിപ്പിക്കാൻ കർണാടക സർക്കാർ നീക്കം തുടങ്ങി. പുതുക്കിയ നിരക്കുകൾ നവംബർ 4-ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. സംസ്ഥാന സർക്കാരിന് കീഴിലുള്ള കോർപ്പറേഷനുകൾ നേരിടുന്ന കടുത്ത സാമ്പത്തിക ബാധ്യതയും ഇന്ധനവില വർധനവുമാണ് നിരക്ക് കൂട്ടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.

നിരക്ക് വർധനവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ നവംബർ 3-ന് നടക്കുമെന്ന് ഗതാഗതമന്ത്രി ബൈരതി സുരേഷ് വ്യക്തമാക്കി. കെഎസ്ആർടിസി, ബിഎംടിസി, കെകെആർടിസി, എൻഡബ്ല്യുആർടിസി എന്നീ നാല് കോർപ്പറേഷനുകളിലെയും മാനേജിങ് ഡയറക്ടർമാരുമായും ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായും മന്ത്രി കൂടിക്കാഴ്ച നടത്തും. തുടർന്ന് നടക്കുന്ന വാർത്താ സമ്മേളനത്തിലായിരിക്കും പുതുക്കിയ നിരക്കുകൾ ഔദ്യോഗികമായി അറിയിക്കുക.

ബസ് ചാർജ് വർധിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ ആലോചനകൾ നടന്നിരുന്നുവെന്നും, മന്ത്രിമാരുമായി വിശദമായ കൂടിയാലോചന നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കോൺഗ്രസ് സർക്കാർ അധികാരമേറ്റ ശേഷം ഇത് രണ്ടാം തവണയാണ് ബസ് ചാർജ് വർധന നടപ്പാക്കാൻ ഒരുങ്ങുന്നത്. നേരത്തെ 2025 ജനുവരിയിൽ നാല് കോർപ്പറേഷനുകളിലും 15 ശതമാനം നിരക്ക് വർധനവ് വരുത്തിയിരുന്നു.

നന്ദിനി പാലിന് ലിറ്ററിന് 8 രൂപ ഉയർത്താൻ സർക്കാർ അനുമതി നൽകിയതിന് പിന്നാലെയാണ് സാധാരണക്കാരെ ബാധിക്കുന്ന ബസ് ചാർജ് വർധനവിലേക്കും സർക്കാർ കടക്കുന്നത്. നവംബർ 1 മുതൽ പാൽ വില വർധനവ് പ്രാബല്യത്തിൽ വരും. ഇന്ധനവില ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ നിരക്ക് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് കോർപ്പറേഷനുകൾ സർക്കാരിനെ അറിയിച്ചതായാണ് വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *