സ്ഥലംമാറിപ്പോകുന്ന ഗർഭിണിയായ വനിതാ സിവിൽ പൊലീസ് ഓഫീസർക്ക് സ്റ്റേഷനിൽ വളകാപ്പ് ഒരുക്കി സഹപ്രവർത്തകർ; പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിൽ നിന്നൊരു സ്നേഹയാത്രയയപ്പ്

ചേർത്തല: സ്ഥലംമാറിപ്പോകുന്ന സഹപ്രവർത്തകയ്ക്ക് പതിവ് ഔദ്യോഗിക യാത്രയയപ്പുകൾക്ക് അപ്പുറം സ്നേഹസമ്മാനം നൽകി പൂച്ചാക്കൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. ഏഴുമാസം ഗർഭിണിയായ വനിതാ സിവിൽ പൊലീസ് ഓഫീസർ അശ്വതിക്കാണ് സ്റ്റേഷനിൽ വെച്ച് സഹപ്രവർത്തകർ വളകാപ്പ് ചടങ്ങ് സംഘടിപ്പിച്ച് യാത്രയയപ്പ് നൽകിയത്.

കഴിഞ്ഞ രണ്ടു വർഷമായി പൂച്ചാക്കൽ സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന ചേർത്തല സ്വദേശിനിയാണ് അശ്വതി. നിലവിൽ ചേർത്തല പൊലീസ് സ്റ്റേഷനിലേക്കാണ് അശ്വതിക്ക് സ്ഥലംമാറ്റം ലഭിച്ചിരിക്കുന്നത്. ഗർഭിണിയായതിനാൽ യാത്രകളിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് വലിയ യാത്രയയപ്പ് ചടങ്ങുകളൊന്നും ഉണ്ടാകില്ലെന്നായിരുന്നു അശ്വതി കരുതിയിരുന്നത്. എന്നാൽ, സ്റ്റേഷൻ എസ് എച്ച് ഒ ലിജിമോളുടെ നേതൃത്വത്തിൽ സഹപ്രവർത്തകർ ഒത്തുചേർന്ന് വ്യത്യസ്തമായ ഒരു യാത്രയയപ്പ് ഒരുക്കുകയായിരുന്നു.

സ്ഥലംമാറ്റത്തോടൊപ്പം അശ്വതിക്ക് സ്റ്റേഷനിൽ വെച്ച് തന്നെ ലളിതമായ രീതിയിൽ വളകാപ്പ് ചടങ്ങും നടത്താൻ സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം സ്റ്റേഷനിൽ വെച്ച് ഔദ്യോഗിക തിരക്കുകൾക്കിടയിലാണ് ഹൃദ്യമായ ഈ ചടങ്ങ് സംഘടിപ്പിച്ചത്. വലിയ ആൾക്കൂട്ടങ്ങളോ മറ്റ് ആഘോഷങ്ങളോ ഇല്ലാതെ, സ്റ്റേഷനിലെ സഹപ്രവർത്തകർ മാത്രം പങ്കെടുത്ത ചടങ്ങ് സ്നേഹോഷ്മളമായ അന്തരീക്ഷത്തിലാണ് പൂർത്തിയായത്.

ഒരു വനിതാ ഉദ്യോഗസ്ഥ തന്നെയാണ് സ്റ്റേഷൻ എസ് എച്ച് ഒ എന്നതുകൊണ്ടാണ് സഹപ്രവർത്തകയുടെ ശാരീരികാവസ്ഥയും മാനസിക സന്തോഷവും കൃത്യമായി ഉൾക്കൊള്ളാൻ കഴിഞ്ഞതെന്ന് മറ്റ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. രണ്ടു വർഷത്തെ സേവനത്തിനൊടുവിൽ കൈനിറയെ വളകളണിഞ്ഞ്, സഹപ്രവർത്തകരുടെ ആശംസകളും അനുഗ്രഹങ്ങളും ഏറ്റുവാങ്ങിയാണ് അശ്വതി പൂച്ചാക്കൽ സ്റ്റേഷനിൽ നിന്നും ചേർത്തല സ്റ്റേഷനിലേക്ക് പടിയിറങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *