വിലവർധനവും ഓഫറുകളുടെ കുറവും തിരിച്ചടിയായി; ഐഫോൺ വിൽപ്പനയിൽ വൻ ഇടിവ്

ദില്ലി: ഇന്ത്യയിലെ ഉത്സവ വിപണിയിൽ ആപ്പിളിന്റെ ഐഫോൺ വിൽപ്പനയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ദസറ ഉൾപ്പെടെയുള്ള ഉത്സവ സീസണിൽ ഐഫോൺ വിൽപ്പനയിൽ 30 ശതമാനം വരെ കുറവുണ്ടായതായി മണികൺട്രോളിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് വിപണി ഗവേഷണ സ്ഥാപനമായ ഐഡിസി (IDC) വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ദീപാവലി വിപണിയിലും ഈ മാന്ദ്യം തുടരുമെന്നാണ് ചില്ലറ വ്യാപാരികളുടെ വിലയിരുത്തൽ.

ഫോണുകളുടെ വിലയിലുണ്ടായ വർധനവും മുൻവർഷങ്ങളെ അപേക്ഷിച്ച് ഡിസ്കൗണ്ടുകളിലും ഫിനാൻസ് ഓഫറുകളിലും വന്ന കുറവുമാണ് വിൽപ്പനയെ പ്രധാനമായും ബാധിച്ചത്. 2025-ൽ റെക്കോർഡ് നേട്ടത്തോടെ 1.43 കോടി ഐഫോണുകൾ ഇന്ത്യയിൽ വിറ്റഴിച്ച സ്ഥാനത്ത്, 2026-ൽ മൊത്തം കയറ്റുമതിയിൽ ഇരട്ട അക്ക ഇടിവുണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ നിഗമനം. സെപ്റ്റംബറിൽ പുതിയ ഐഫോൺ 18 പ്രോ സീരീസും പുത്തൻ ഫോൾഡബിൾ മോഡലായ ഐഫോൺ ഡ്യുവോയും പുറത്തിറക്കിയിട്ടും വിപണിയിൽ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കമ്പനിക്ക് സാധിച്ചില്ല.

സാധാരണയായി സെപ്റ്റംബറിൽ പുറത്തിറക്കാറുള്ള പുതിയ ‘ബേസ് മോഡൽ’ ഐഫോൺ 18 ഇത്തവണ അവതരിപ്പിക്കാത്തതും വിപണി ചലനത്തെ സാരമായി ബാധിച്ചു. അതോടൊപ്പം, നിലവിൽ ഉപയോഗിക്കുന്ന പഴയ ഐഫോണുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനാൽ ഉപഭോക്താക്കൾ പുതിയ മോഡലുകളിലേക്ക് മാറാൻ താല്പര്യം കാണിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഉത്സവ സീസൺ മുന്നിൽക്കണ്ട് വ്യാപാരികൾ വൻതോതിൽ സ്റ്റോക്ക് എത്തിച്ചിരുന്നുവെങ്കിലും വിൽപ്പന മന്ദഗതിയിലായതോടെ ഐഫോൺ 15, 16, 17 സീരീസ് ഉൾപ്പെടെയുള്ള മോഡലുകൾ വിറ്റഴിയാതെ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. രൂപയുടെ മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും ഇറക്കുമതി വെല്ലുവിളികളും കാരണം വ്യാപാരികൾ കടുത്ത സാമ്പത്തിക സമ്മർദ്ദത്തിലാണ്.

അതേസമയം, പ്രീമിയം മോഡലുകളായ ഐഫോൺ 18 പ്രോ, പ്രോ മാക്സ്, ഐഫോൺ ഡ്യുവോ എന്നിവയ്ക്ക് കടുത്ത സ്റ്റോക്ക് ക്ഷാമമാണ് വിപണിയിൽ നേരിടുന്നത്. ഇന്ത്യയിൽ പ്രാരംഭഘട്ടത്തിൽ ഏതാണ്ട് 6,000 മുതൽ 7,000 യൂണിറ്റുകൾ മാത്രമാണ് ഐഫോൺ ഡ്യുവോ വിൽപ്പനയ്‌ക്കെത്തിച്ചത്. 100 ഫോണുകൾക്ക് ഓർഡർ നൽകിയ റീട്ടെയിലർമാർക്ക് 5 മുതൽ 7 എണ്ണം മാത്രമാണ് ലഭിക്കുന്നത്.

ഇന്ത്യയിൽ 2,99,900 രൂപ പ്രാരംഭ വിലയുള്ള ഐഫോൺ ഡ്യുവോയ്ക്ക് അമേരിക്കയിൽ നികുതി കൂടാതെയുള്ള വില 1,999 ഡോളർ (ഏകദേശം 1.91 ലക്ഷം രൂപ) മാത്രമാണ്. ഉയർന്ന ഡിമാൻഡ് കാരണം ഉപഭോക്താക്കൾ അധിക തുക നൽകാൻ തയ്യാറായതോടെ ദുബായിൽ നിന്നുള്ള ‘ഗ്രേ മാർക്കറ്റ്’ വഴിയുള്ള ഇറക്കുമതിയും വർധിച്ചിട്ടുണ്ട്. പുതിയ മോഡലുകൾ ലഭിക്കണമെങ്കിൽ പഴയ ഫോണുകൾ നിർബന്ധമായി വാങ്ങണമെന്ന് വിതരണക്കാർ ആവശ്യപ്പെടുന്നതായി അഖിലേന്ത്യാ മൊബൈൽ റീട്ടെയിലേഴ്‌സ് അസോസിയേഷൻ (AIMRA) ആരോപിച്ചു. ഇതിനെതിരെ നടപടിയെടുക്കാൻ വ്യാപാരികൾ ആപ്പിൾ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിൽപ്പനയിൽ തിരിച്ചടി നേരിടുന്നുണ്ടെങ്കിലും രാജ്യത്തെ പ്രീമിയം സ്മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിൾ തങ്ങളുടെ മേധാവിത്വം നിലനിർത്തുന്നുണ്ട്. ജൂൺ പാദത്തിലെ കണക്കുകൾ പ്രകാരം മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയുടെ 27 ശതമാനം വിഹിതവും ആപ്പിളിന്റെ പക്കലാണ്. ആഗോളതലത്തിൽ ഐഫോൺ ഡ്യുവോയുടെ അകത്തെ സ്‌ക്രീൻ പൊട്ടുന്നതായി ചില ഉപഭോക്താക്കൾ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇതുവരെ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *