റായ്പൂർ: ഛത്തീസ്ഗഢിലെ മനേന്ദ്രഗഢ്–ചിർമിരി–ഭരത്പൂർ (എംസിബി) ജില്ലയിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. അപകടത്തിൽ 40 പേർക്ക് പരിക്കേറ്റു. മനേന്ദ്രഗഢ്–കേൽഹാരി റോഡിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.
46 യാത്രക്കാരുമായി കേൽഹാരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മരിച്ചവരിൽ നാല് സ്ത്രീകളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു.
നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ മനേന്ദ്രഗഢ്, ചിർമിരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
















Leave a Reply