ന്യൂഡൽഹി: ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ഇയർഫോൺ ഉപയോഗിക്കാതെ ഉച്ചത്തിൽ പാട്ട് കേൾക്കുന്നവർക്കും വീഡിയോ കാണുന്നവർക്കും എതിരെ കർശന നടപടിയുമായി ഇന്ത്യൻ റെയിൽവേ. സഹയാത്രികർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള ഇത്തരം പെരുമാറ്റം നിയമവിരുദ്ധമാക്കി ദക്ഷിണ റെയിൽവേ പുതിയ സർക്കുലർ പുറത്തിറക്കി. നിയമലംഘനം നടത്തുന്നവർക്ക് പിഴയും തടവുശിക്ഷയും ലഭിക്കും.
ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ സമാധാനപരമായ അന്തരീക്ഷവും സ്വകാര്യതയും ഉറപ്പാക്കുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി വരുത്തിയ റെയിൽവേ ആക്ടിലെ സെക്ഷൻ 145 (2) അനുസരിച്ചാണ് അധികൃതർ നടപടി സ്വീകരിക്കുക.
പിഴയും ശിക്ഷാ നടപടികളും:
- ആദ്യഘട്ട നടപടി: റെയിൽവേ സ്റ്റേഷനിലോ ട്രെയിൻ കോച്ചുകളിലോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ പാട്ടുകളും വീഡിയോകളും ഉച്ചത്തിൽ വെയ്ക്കുകയോ ചെയ്താൽ 1,000 രൂപ പിഴ ഈടാക്കും. കൂടാതെ ഇവരുടെ യാത്ര റദ്ദാക്കി റെയിൽവേ പരിസരത്ത് നിന്ന് പുറത്താക്കാനും വ്യവസ്ഥയുണ്ട്.
- കർശന ശിക്ഷ: റെയിൽവേ ഉദ്യോഗസ്ഥരുടെയോ ടി.ടി.ഇമാരുടെയോ മുന്നറിയിപ്പ് ലഭിച്ച ശേഷവും ലംഘനം തുടരുന്നവർക്കെതിരെ കോടതി മുഖേന നടപടിയെടുക്കും. ഇവർക്ക് ആറ് മാസം വരെ തടവോ 5,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം.
ട്രെയിനുകളിൽ യാത്ര ചെയ്യുമ്പോൾ മൊബൈൽ ഫോണുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും, പാട്ടുകൾ കേൾക്കുന്നതിനും വീഡിയോകൾ കാണുന്നതിനും യാത്രക്കാർ നിർബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കണമെന്നും റെയിൽവേ നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച അറിയിപ്പുകൾ സ്റ്റേഷനുകളിലും ട്രെയിനുകളിലും അനൗൺസ്മെന്റുകളിലൂടെയും ബോർഡുകളിലൂടെയും നൽകാൻ ഡിവിഷനുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
















Leave a Reply