വഴി ചോദിക്കാനെന്ന വ്യാജേനയെത്തി വയോധികയുടെ മാല കവർന്നു; കണ്ണൂർ പരിയാരത്ത് ദമ്പതിമാർ അറസ്റ്റിൽ

കണ്ണൂർ: പരിയാരത്ത് റോഡിലൂടെ നടന്നുപോവുകയായിരുന്ന വയോധികയുടെ കഴുത്തിൽ നിന്ന് ബൈക്കിലെത്തി സ്വർണമാല കവർന്ന ദമ്പതികൾ പോലീസിന്റെ പിടിയിലായി. പയ്യന്നൂർ തായനേരി സ്വദേശി തറമ്മൽ അർജുൻ, ഭാര്യ ഹെലോയ്സ് എന്നിവരെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.

ആശുപത്രിയിൽ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന സരോജിനി എന്ന വയോധികയാണ് കവർച്ചക്കിരയായത്. വഴി ചോദിക്കാനെന്ന വ്യാജേന ഇവരുടെ സമീപം ബൈക്ക് നിർത്തിയ ശേഷം, പിന്നിലിരുന്ന ഹെലോയ്സ് സരോജിനിയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിമിഷങ്ങൾക്കകം ഇരുവരും ബൈക്കിൽ കടന്നുകളഞ്ഞു.

സംഭവത്തിൽ പരാതി ലഭിച്ചയുടൻ പരിയാരം പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ഊർജിത അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. അർജുനെ പയ്യന്നൂരിൽ നിന്നും, ഭാര്യ ഹെലോയ്സിനെ തൃക്കരിപ്പൂരിലെ വീട്ടിൽ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

കവർച്ചയ്ക്ക് ഉപയോഗിച്ച ബൈക്കും പോലീസ് പിടിച്ചെടുത്തു. തങ്ങളുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് കവർച്ച നടത്തിയതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്. ഇരുവരെയും കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *