കാസർകോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു

കാസർകോട്: കാസർകോടിന്റെ 27-ാമത് ജില്ലാ കളക്ടറായി ശ്രീധന്യ സുരേഷ് ഐഎഎസ് ചുമതലയേറ്റു. ബുധനാഴ്ച രാവിലെ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ മുൻ കളക്ടർ അർജുൻ പാണ്ഡ്യൻ ചുമതല കൈമാറി.

ജില്ലയിൽ എയിംസ് (AIIMS) സ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാട് അനുസരിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് ചുമതലയേറ്റ ശേഷം ശ്രീധന്യ സുരേഷ് പറഞ്ഞു. കാസർകോടിന്റെ സമഗ്ര വികസനം സംബന്ധിച്ച് പ്രത്യേക പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുമെന്നും ഇതിനായി വിശദമായ പഠനം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. വികസനകാര്യങ്ങളിൽ ജില്ലയിലെ എല്ലാവിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് അവർ അഭ്യർഥിച്ചു.

ചരിത്രനേട്ടവുമായി ശ്രീധന്യ സുരേഷ്

കാസർകോട് ജില്ലാ കളക്ടറായി ചുമതലയേൽക്കുന്ന പട്ടികവർഗ മേഖലയിൽ നിന്നുള്ള ആദ്യ വനിതയാണ് ശ്രീധന്യ സുരേഷ്. ജില്ലയുടെ രണ്ടാമത്തെ വനിതാ ജില്ലാ കളക്ടർ കൂടിയാണ് ഇവർ.

2019 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ ശ്രീധന്യ, 2018-ലെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷയിൽ 410-ാം റാങ്ക് നേടി ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ പട്ടികവർഗ വിഭാഗത്തിൽ നിന്ന് ഐഎഎസ് നേടുന്ന ആദ്യ വനിതയെന്ന ഖ്യാതിയും ശ്രീധന്യ സുരേഷ് സ്വന്തമാക്കി.

വിദ്യാഭ്യാസവും മുൻകാല സേവനങ്ങളും

കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ഉത്തരാഖണ്ഡ് മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിൽ നിന്നാണ് സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയത്.

കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ, പെരിന്തൽമണ്ണ സബ് കളക്ടർ, രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ (ഐജി), ഭക്ഷ്യസുരക്ഷാ കമ്മീഷണർ എന്നീ സുപ്രധാന പദവികൾ വഹിച്ചിട്ടുണ്ട്.

വയനാട് പൊഴുതന ഇടിയംവയൽ അമ്പലക്കൊല്ലി ഊരിലെ സുരേഷിന്റെയും കമലത്തിന്റെയും മകളാണ്. ഗായക് ആർ. ചന്ദാണ് ഭർത്താവ്.

Leave a Reply

Your email address will not be published. Required fields are marked *