കാസർഗോഡ്: സ്ഥാനമൊഴിയുന്നതിന്റെ തിരക്കുകൾക്കിടയിലും ദേലംപാടി പഞ്ചായത്തിലെ ഊരുകളിലെ കുട്ടികൾക്ക് നൽകിയ വാക്ക് പാലിച്ച് ജില്ലാ കളക്ടർ കെ. അർജുൻ പാണ്ഡ്യൻ. നേരത്തെ കണ്ണങ്കോൽ ഉന്നതിയിലെ കുട്ടികൾക്ക് സൈക്കിൾ വിതരണം ചെയ്തതിന് പിന്നാലെ, തൊട്ടടുത്ത രണ്ട് ഊരുകളിലെ ഏഴ് കുട്ടികൾക്ക് കൂടി കളക്ടർ സൈക്കിളുകൾ സമ്മാനിച്ചു.
കളക്ടറേറ്റിലെത്തിയാണ് കുട്ടികൾ കളക്ടറെ കണ്ടത്. കോടൻകിരി, കുക്കുഗുഡെ എന്നീ ഉന്നതികളിൽ നിന്നുള്ള കുട്ടികളാണ് കളക്ടറുടെ ചേമ്പറിലെത്തിയത്. ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് ഏറെ നേരം കുട്ടികളുമായി സംസാരിച്ച ശേഷമാണ് കളക്ടർ അവർക്ക് സൈക്കിളുകൾ കൈമാറിയത്. ഇതോടെ ദേലംപാടി പഞ്ചായത്തിലെ വിവിധ ഊരുകളിലായി ഇതുവരെ 25 കുട്ടികൾക്ക് സൈക്കിളുകൾ ലഭ്യമാക്കി.
കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കാസർഗോഡ് പട്ടികവർഗ്ഗ വികസന ഓഫീസർ കെ. മധുസൂദനൻ, ജൂനിയർ സൂപ്രണ്ട് വീണാ നാരായണൻ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ റിജു മാത്യു, പ്ലാനിംഗ് ഓഫീസിലെ ജൂനിയർ സൂപ്രണ്ട് ജയശ്രീ, ധന്വന്തരി പ്രതിനിധി ഹരീന്ദ്രൻ എന്നിവർ പങ്കെടുത്തു. കാസർഗോഡ് ജില്ലയിലെ സേവന കാലാവധി പൂർത്തിയാക്കി പടിയിറങ്ങുന്ന കളക്ടറുടെ ഈ കരുതൽ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ സന്തോഷമാണ് പകർന്നു നൽകിയത്.













Leave a Reply