കാസർകോട്: റോഡിന് കുറുകെയുള്ള വൈദ്യുതി സർവീസ് വയർ ചരക്കുലോറി തട്ടി താഴ്ന്നുവീണതിനെ തുടർന്ന് കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ മതിലിലിടിച്ച് ഓവുചാലിലേക്ക് മറിഞ്ഞു.
പരവനടുക്കം തലക്ലായിലെ വി. ബാലന്റെ മകൻ വിനയപ്രസാദ് (22), കൈന്താറിലെ സന്തോഷിന്റെ മകൻ മിഥുൻ (23) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11 മണിയോടെ ചുരിയിലാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കാസർകോട് ഭാഗത്തുനിന്ന് മധൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്കുലോറിയുടെ മുകൾഭാഗം റോഡിന് കുറുകെയുണ്ടായിരുന്ന വൈദ്യുതി സർവീസ് വയറിൽ തട്ടുകയായിരുന്നു. ഇതോടെ വയർ പൊട്ടി താഴേക്ക് തൂങ്ങിനിന്നു. തൊട്ടുപിന്നാലെ മധൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന യുവാക്കൾ റോഡിൽ വയർ തൂങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെടാതെ മുന്നോട്ട് പോവുകയായിരുന്നു.
തുടർന്ന് സർവീസ് വയർ യുവാക്കളുടെ കഴുത്തിൽ കുരുങ്ങുകയും ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ മതിലിലിടിച്ച് ഓവുചാലിലേക്ക് മറിയുകയുമായിരുന്നു. റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ഓടിയെത്തിയാണ് പരിക്കേറ്റവരെ ഉടൻ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പരിക്ക് ഗുരുതരമായതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
യാത്രക്കാർ ഇരുവരും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കെ.എസ്.ഇ.ബി ജീവനക്കാർ പൊട്ടിത്തൂങ്ങിയ സർവീസ് വയർ മുറിച്ചുമാറ്റി റോഡ് സുരക്ഷിതമാക്കി.













Leave a Reply