കാസർകോട്: ബന്തിയോട് മീപ്പിരിയിലെ അനധികൃത മണ്ണു കടത്തൽ കേന്ദ്രത്തിൽ പൊലീസിന്റെ മിന്നൽ പരിശോധന. റെയ്ഡിൽ അനധികൃതമായി മണ്ണെടുക്കാൻ ഉപയോഗിച്ച ജെ.സി.ബിയും മണ്ണ് കടത്താൻ എത്തിച്ച ടിപ്പർ ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പൊലീസ് പിടികൂടി.
ഝാർഖണ്ഡ് സ്വദേശികളായ സഹജാത് (21), മുഹമ്മദ് അർബാസ് (23) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറരയോടെയായിരുന്നു കുമ്പള എസ്.ഐ എസ്. അനൂപ്, എ.എസ്.ഐ അതുൽ റാം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി റെയ്ഡ് നടത്തിയത്.
പ്രദേശത്ത് വ്യാപകമായി അനുമതിയില്ലാതെ കുന്നിടിച്ച് മണ്ണു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പൊലീസിന്റെ ഇടപെടൽ. പിടിയിലായ തൊഴിലാളികൾക്ക് നിയമപരമായ നോട്ടീസ് നൽകിയ ശേഷം വിട്ടയച്ചതായി കുമ്പള പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ തുടർനടപടികൾക്കായി ജിയോളജി വകുപ്പിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.













Leave a Reply