കുമ്പള: കാസർകോട് ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിന് പുത്തൻ ഉണർവേകി കുമ്പള റൂറൽ ടൂറിസം പ്രൊജക്റ്റിന്റെ ഭാഗമായി പൂർത്തീകരിച്ച ഡി.ടി.പി.സി ആരിക്കാടി വാക്ക്വേയും വാട്ടർ സ്പോർട്സ് സെന്ററും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കേന്ദ്രം നേരിട്ട് സന്ദർശിച്ച ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്വയം സ്റ്റാൻഡിങ് കയാക്കിങ്ങും സിറ്റിങ് കയാക്കിങ്ങും നടത്തി കായിക പ്രേമികൾക്ക് ആവേശവും പ്രചോദനവുമായി.
ഷിറിയ പുഴ അറബിക്കടലുമായി സംഗമിക്കുന്ന മനോഹരമായ അഴിമുഖ സൗന്ദര്യവും കണ്ടൽക്കാടുകളും കുംബോൽ-ഷിറിയ ബീച്ച് പ്രദേശവും ചേരുന്ന ആരിക്കാടി പ്രകൃതിസൗഹൃദ വിനോദസഞ്ചാരത്തിനും വാട്ടർ സ്പോർട്സിനും മികച്ച സാധ്യതകളാണ് ഒരുക്കുന്നത്. പ്രകൃതിഭംഗി ആസ്വദിക്കാൻ എത്തുന്നവർക്കായി ശാന്തമായ അന്തരീക്ഷത്തിൽ സായാഹ്നം ചെലവഴിക്കാനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
വികസനക്കുതിപ്പിൽ കുമ്പള ടൂറിസം പദ്ധതി
ജില്ലയിലെ സ്പോർട്സ്–ടൂറിസം മേഖലകൾക്ക് പ്രത്യേക പരിഗണന നൽകി ജില്ലാ കളക്ടർ നടത്തിയ ഇടപെടലുകളുടെ ഭാഗമായി കുമ്പള ടൂറിസം പദ്ധതിയുടെ അവശേഷിക്കുന്ന പ്രവൃത്തികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച വികസന പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ തുടർച്ചയായ അവലോകന യോഗങ്ങളും ഉദ്യോഗസ്ഥ ചർച്ചകളും നടത്തിയിരുന്നു. ജില്ലയെ പ്രധാന റൂറൽ ടൂറിസം കേന്ദ്രമായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി കയാക്കിങ്ങിന് പുറമേ ചിൽഡ്രൻസ് പാർക്ക് അടക്കമുള്ള തുടർ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കുമ്പള റൂറൽ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച കിദൂർ ബയോഡൈവേഴ്സിറ്റി സെന്റർ, ആരിക്കാടി വാക്ക്വേ എന്നീ പദ്ധതികൾക്കായി കാസർകോട് വികസന പാക്കേജിൽ 2.75 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്. ഇതിൽ കിദൂർ ബയോഡൈവേഴ്സിറ്റി സെന്ററിൽ രണ്ടു ദിവസത്തെ പക്ഷിനിരീക്ഷണ ക്യാമ്പ് സംഘടിപ്പിച്ചുകൊണ്ടാണ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
ആരിക്കാടി വാക്ക്വേയിൽ 60 ലക്ഷം രൂപയുടെ നിർമ്മാണ പ്രവൃത്തികളാണ് പൂർത്തീകരിച്ചിട്ടുള്ളത്. സഞ്ചാരികൾക്കായി മനോഹരമായ വാക്ക്വേ, രണ്ട് കിയോസ്കുകൾ, വിശ്രമിക്കാനുള്ള സിറ്റിങ് ബെഞ്ചുകൾ എന്നിവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്.













Leave a Reply