വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയും: ജോയ് എബ്രഹാം

കാഞ്ഞങ്ങാട്: പിണറായി സർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നടപടികളും അഴിമതിയുമാണ് സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം. കേരള കോൺഗ്രസ് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് യൂണിറ്റിന് 4.29 രൂപ നിരക്കിൽ 25 വർഷത്തേക്ക് ഒപ്പുവെച്ച 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാറുകൾ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ബോധപൂർവം റദ്ദാക്കുകയാണുണ്ടായത്. കുറഞ്ഞ നിരക്കിലുള്ള ഈ കരാറുകൾ ഒഴിവാക്കി, സ്വകാര്യ ലോബികളെ സഹായിക്കാനാണ് സർക്കാർ ശ്രമിച്ചത്. തുടർന്ന് യൂണിറ്റിന് 10 രൂപ വരെ ഉയർന്ന നിരക്ക് നൽകി ഹ്രസ്വകാല കരാറുകളിലൂടെ വൈദ്യുതി വാങ്ങിയതിലൂടെ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് പൈനാപ്പള്ളി, ജില്ലാ ജനറൽ സെക്രട്ടറി ജയിംസ് കണിപ്പള്ളി, അഡ്വ. നിസ്സാം ഫലാഹ്, പ്രിൻസ് ജോസഫ്, ടോമി കുരുവിളാനി, സക്കറിയാസ് വടനാ, കെ.എ. സാലു, എബ്രഹാം തെക്കുംകാട്ടിൽ, ജോയ് മാരിയാടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *