ഡൈവേർഷൻ ബോർഡിന് മുന്നിൽ ലോറി പാർക്ക് ചെയ്തു; കയ്പമംഗലത്ത് അനാസ്ഥ കവർന്നത് 8 ജീവനുകൾ

തൃശൂർ: ദേശീയപാത നിർമ്മാണം നടക്കുന്ന കയ്പമംഗലത്ത് ഹൈ സ്പീഡ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് കയറി എട്ട് പേർ മരിച്ചു. മരിച്ചവരിൽ ഏഴ് പേർ തമിഴ്‌നാട് ഡിണ്ടിഗൽ പി.എസ്.എൻ.എ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ്. അർദ്ധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്. ഗുരുവായൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷൻ കാറാണ് അപകടത്തിൽ പൂർണ്ണമായും തകർന്നത്.

ദേശീയപാതയിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നതിനുള്ള ഡൈവേർഷൻ സൈൻ ബോർഡിന് തൊട്ടുമുന്നിലായാണ് ചരക്കുലോറി അലക്ഷ്യമായി പാർക്ക് ചെയ്തിരുന്നത്. ഇതേതുടർന്ന് മുന്നറിയിപ്പ് ബോർഡ് കാറിന്റെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടാതെ പോയതാണ് ദുരന്തത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടസമയത്ത് മൂന്ന് ലോറികൾ ഇവിടെ പാർക്ക് ചെയ്തിരുന്നതായും, അപകടം നടന്നയുടൻ മറ്റ് രണ്ട് ലോറികൾ സ്ഥലത്തുനിന്ന് മാറ്റി ഡ്രൈവർമാർ കടന്നുകളഞ്ഞതായും വ്യക്തമായിട്ടുണ്ട്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. ലോറി അശ്രദ്ധമായി ഹൈ സ്പീഡ് ട്രാക്കിൽ പാർക്ക് ചെയ്തതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് വ്യക്തമാക്കി.

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ ഭാഗത്ത് തുടർച്ചയായി അപകടങ്ങൾ നടക്കാറുണ്ടെന്നും, ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട കമ്പനിയെയാണ് നിർമ്മാണ ചുമതല ഏൽപ്പിച്ചിരിക്കുന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. സുരക്ഷാ മുൻകരുതലുകളോ കൃത്യമായ വെളിച്ചമോ ഒരുക്കാതെ ഗുരുതര വീഴ്ചയാണ് ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.

അപകടത്തിൽ മരിച്ച എട്ട് പേരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി വിശ്വം (20), ഡിണ്ടിഗൽ സ്വദേശികളായ സൂര്യ (20), യുവസഞ്ജിത് (20), മധുര സ്വദേശികളായ സന്തോഷ് (20), പ്രസന്ന എന്നിവരാണ് തിരിച്ചറിഞ്ഞവർ. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിക്കുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *