ഉഡുപ്പിയിൽ പ്രമുഖ മോഡൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ഉഡുപ്പി: മൽപെ പോലീസ് സ്റ്റേഷൻ അതിർത്തിയിലെ കൽമാടിയിൽ 27-കാരിയായ മോഡൽ കൃതി ബംഗേരയെ കിടപ്പുമുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

മോഡലിംഗ് രംഗത്ത് സജീവമായിരുന്ന കൃതി, കടിയാളിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ജീവനക്കാരിയായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് മാസമായി ജോലിക്ക് പോകാതെ അമ്മ രത്നയ്ക്കും സഹോദരിക്കുമൊപ്പം കൽമാടിയിലെ വീട്ടിൽ താമസിച്ച് വരികയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവർ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു.

ഓഗസ്റ്റ് 6-ന് ഉച്ചയ്ക്കായിരുന്നു സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ അമ്മയോട് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ട കൃതി, തുടർന്ന് മുറി അകത്തുനിന്ന് പൂട്ടി. ഏറെ നേരം കഴിഞ്ഞിട്ടും വാതിലിൽ മുട്ടിയിട്ട് പ്രതികരണമൊന്നും കാണാത്തതിനെ തുടർന്ന് വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് കൃതിയെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ മരിച്ച കൃതിയുടെ സഹോദരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൽപെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ശ്രദ്ധിക്കുക: മാനസിക സമ്മർദ്ദമോ വിഷാദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ സഹായം തേടാൻ മടിക്കരുത്.

ദിശ ഹെൽപ്പ് ലൈൻ (കേരളം): 1056, 0471-2552056

ടെലി-മാനസ് (Tele-MANAS) ദേശീയ ഹെൽപ്പ് ലൈൻ: 14416 / 1800-891-4416

Leave a Reply

Your email address will not be published. Required fields are marked *