കാസർകോട്: കാസർകോട് നഗരം മുതൽ വിദ്യാനഗർ വരെയുള്ള സർവീസ് റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ഒടുവിൽ ശാശ്വത പരിഹാരമാകുന്നു. നുള്ളിപ്പാടിയിൽ നിന്നും വാഹനങ്ങൾക്ക് നേരിട്ട് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനായി പുതിയ വഴി ഒരുക്കും. ഇതുസംബന്ധിച്ച് ബുധനാഴ്ച ഉച്ചയ്ക്ക് ഉന്നതതല ഉദ്യോഗസ്ഥ സംഘം നുള്ളിപ്പാടി സന്ദർശിച്ച് ജനപ്രതിനിധികളുമായി വിശദമായ ചർച്ച നടത്തി.
നിലവിൽ കാസർകോട് നഗരത്തിൽ നിന്നും ചെർക്കള ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് ദേശീയപാതയിലേക്ക് കയറണമെങ്കിൽ മൂന്ന് കിലോമീറ്ററോളം സർവീസ് റോഡിലൂടെ മുന്നോട്ട് പോയി, കളക്ടറേറ്റ് ജങ്ഷനും കഴിഞ്ഞ് പഴയ സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമെത്തണമായിരുന്നു. ഇതാണ് നുള്ളിപ്പാടിയിൽ വച്ച് തന്നെ ദേശീയപാതയിലേക്ക് പ്രവേശനം നൽകുന്നതിലൂടെ മാറാൻ പോകുന്നത്.
കുരുക്കിലായി നഗരം; ശ്വാസം മുട്ടി ആംബുലൻസുകൾ
ദേശീയപാതയിലെ മേൽപ്പാലത്തിലൂടെ വരുന്ന വാഹനങ്ങൾക്ക് അണങ്കൂരിൽ വച്ച് സർവീസ് റോഡിലേക്ക് ഇറങ്ങാൻ സൗകര്യമുണ്ട്. കൂടാതെ കാസർകോട് മുതൽ ബി.സി. റോഡ് വരെയുള്ള ഭാഗത്ത് മൂന്ന് അടിപ്പാതകളുമുണ്ട്. ഇതുവഴിയും കെ.എസ്.ടി.പി. റോഡ് വഴിയും എത്തുന്ന മുഴുവൻ വാഹനങ്ങളും സർവീസ് റോഡിലേക്ക് ഒന്നിച്ച് കയറുന്നതാണ് നിലവിലെ കടുത്ത ഗതാഗതക്കുരുക്കിന് കാരണം.
അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകളും അഗ്നിരക്ഷാസേനയുടെ വാഹനങ്ങൾ പോലും ഈ കുരുക്കിൽ പെടുന്നത് പതിവായിരുന്നു. എന്നാൽ നുള്ളിപ്പാടിയിൽ സർവീസ് റോഡും ദേശീയപാതയും ഒരേ നിരപ്പിലായതിനാൽ ഇവിടെ പ്രവേശന സൗകര്യം ഒരുക്കുന്നത് എളുപ്പമാകും. ഇത് ഗതാഗതം പൂർണ്ണമായും സുഗമമാക്കും.
ജനകീയ ഇടപെടലുകൾക്ക് ഫലം കണ്ടു
ുള്ളിപ്പാടിയിൽ പ്രവേശന കവാടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസാസി ഏകോപനസമിതി നായന്മാർമൂല യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പടിഞ്ഞാർമൂലയുടെ നേതൃത്വത്തിൽ വ്യാപാരികൾ കളക്ടർക്കും ദേശീയപാത അതോറിറ്റിക്കും നേരത്തെ നിവേദനം നൽകിയിരുന്നു. കൂടാതെ നഗരസഭാ കൗൺസിലർ അനിൽ ചെന്നിക്കര അവതരിപ്പിച്ച പ്രമേയം കാസർകോട് നഗരസഭയും ബന്ധപ്പെട്ടവർക്ക് കൈമാറിയിരുന്നു. വിവിധ സംഘടനകളുടെ തുടർച്ചയായ സമ്മർദ്ദത്തിനൊടുവിലാണ് ഇപ്പോൾ അനുകൂല തീരുമാനത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.
ഉന്നതതല സംഘത്തിന്റെ പരിശോധന പൂർത്തിയായി
പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ, ആർ.ടി.ഒ. ജെ. ജെറാർഡ്, എം.വി.ഐ. എം. വിജയൻ, ദേശീയപാത അതോറിറ്റി മാനേജർ സി. ജിഷ്ണു, എൻജിനീയർ വിനയ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്ത് പരിശോധന നടത്തിയത്.
നഗരസഭാ കൗൺസിലർമാരായ ഹമീദ് ബെദിര, അനിൽ ചെന്നിക്കര, നഗരസഭാ സെക്രട്ടറി സാജു, എൻജിനീയർ ആന്റണി വട്ടോളി, കാസർകോട് ചേംബർ ഓഫ് കൊമേഴ്സ് ഭാരവാഹികളായ എ.കെ. ശ്യാമപ്രസാദ്, എം.എൻ. പ്രസാദ്, ഓട്ടോ തൊഴിലാളി യൂണിയൻ നേതാവ് എ.ആർ. ധന്യവാദ് തുടങ്ങിയവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു.
“കാസർകോട് മുതൽ വിദ്യാനഗർ വരെയുള്ള കുരുക്ക് ഒഴിവാക്കാൻ നുള്ളിപ്പാടിയിലെ ഈ പ്രവേശനം അനിവാര്യമാണ്. ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് അടുത്ത ദിവസം തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കും.” — ജെ. ജെറാർഡ് (ആർ.ടി.ഒ)
നേരത്തെ ചെങ്കള ഇന്ദിരാനഗറിലും സമാനമായ രീതിയിൽ സംരക്ഷണഭിത്തി പൊളിച്ച് സർവീസ് റോഡിലേക്ക് ഇറങ്ങാൻ സൗകര്യം ഒരുക്കിയിരുന്നു. ചെർക്കള കർമസമിതിയുടെയും മറ്റ് സംഘടനകളുടെയും ഇടപെടലിലൂടെയാണ് അന്ന് ചെർക്കള ടൗണിലേക്കും രണ്ട് അന്തർസംസ്ഥാന പാതകളിലേക്കും ഉള്ള യാത്രാപ്രശ്നം പരിഹരിച്ചത്. അതേ മാതൃകയിൽ നുള്ളിപ്പാടിയിലും മാറ്റം വരുന്നതോടെ കാസർകോടുകാരുടെ വലിയൊരു യാത്രാദുരിതത്തിനാണ് അറുതിയാവുന്നത്.















Leave a Reply