അതിവേഗ റെയില്‍ പദ്ധതിയില്‍ നിന്ന് കാസർകോടിനെ ഒഴിവാക്കരുത്- റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍

കാസർകോട്: തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയിൽ കാസർകോട് ജില്ലയെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ജില്ലയിലെ ജനങ്ങളിൽ കടുത്ത ആശങ്കയും പ്രതിഷേധവും സൃഷ്ടിച്ചിരിക്കുകയാണെന്ന് കാസർകോട് റെയിൽവേ പാസഞ്ചേഴ‌് അസോസിയേഷൻ അഭിപ്രായപ്പെട്ടു. വികസനത്തിന്റെ പേരിൽ കാസർകോടിനെ വീണ്ടും അവഗണിക്കാനുള്ള ശ്രമം ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് അസോസിയേഷൻ വ്യക്തമാക്കി.

പദ്ധതി കാസർകോട് വരെ നീട്ടിയാൽ ലാഭകരമാകില്ലെന്ന വാദം വസ്‌തുതകൾക്ക് നിരക്കാത്തതാണ്. ആദ്യം തിരുവനന്തപുരം-കണ്ണൂർ സർവീസായി മാത്രം ഷെഡ്യൂൾ തയ്യാറാക്കിയ വന്ദേഭാരത് എക്‌സ്പ്രസ്, യാത്രക്കാരുടെയും കാസർകോട് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളുടെയും ശക്തമായ ഇടപെടലിനെ തുടർന്നാണ് കാസർകോട് വരെ നീട്ടിയത്. അങ്ങനെ നീട്ടിയപ്പോഴാണ് ഈ സർവീസ് രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വന്ദേഭാരത് ട്രെയിനുകളിൽ ഒന്നായി മാറിയതെന്ന് അസോസിയേഷൻ പ്രസിഡന്റ് ആർ. പ്രശാന്ത് കുമാർ ചൂണ്ടിക്കാട്ടി.

വരുമാനത്തിൽ മുന്നിൽ; എന്നിട്ടും അവഗണന

പ്രതിവർഷം 50 കോടിയിലധികം രൂപ വരുമാനം നേടുന്ന റെയിൽവേ സ്റ്റേഷനാണ് കാസർകോട്. ദക്ഷിണ റെയിൽവേ മേഖലയിൽ 33-ാം സ്ഥാനത്തും കേരളത്തിൽ 14-ാം സ്ഥാനത്തുമാണ് കാസർകോടിന്റെ സ്ഥാനം. ഇത്രയും വലിയ യാത്രാത്തിരക്കും വരുമാനവുമുള്ള ഒരു ജില്ലാ ആസ്ഥാന നഗരത്തെ അതിവേഗ റെയിൽ പദ്ധതിയിൽ നിന്ന് ഒഴിവാക്കുന്നത് ഒട്ടും യുക്തിസഹമല്ല. വികസനത്തിൻ്റെ പേരിൽ വീണ്ടും കാസർകോടിനെ പിന്നിലാക്കുന്ന സമീപനം ജില്ലയിലെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ജനകീയ പ്രക്ഷോഭത്തിന് ഒരുക്കം

അതിവേഗ റെയിൽ പാത കാസർകോട് വരെയോ അതല്ലെങ്കിൽ മംഗളൂരു വരെയോ നീട്ടണമെന്നാണ് യോഗത്തിൽ ഉയർന്ന പ്രധാന ആവശ്യം. ഈ വിഷയത്തിൽ ജില്ലയിലെ മുഴുവൻ ജനപ്രതിനിധികളുടെയും പിന്തുണ തേടാൻ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ ജനകീയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി നാസർ ചെർക്കളം, അഡ്വ. അൻവർ എന്നിവർ സംസാരിച്ചു. കോ-ഓർഡിനേറ്റർ നിസാർ പെർവാഡ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *