കാസർകോട് ഉദയഗിരിയിൽ കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു

കാസർകോട്: സഹോദരങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. കാസർകോട് ഉദയഗിരി കൈലാസപുരത്ത് താമസിക്കുന്ന ഇല്യാട്ട് ഹൗസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഹിദ് എന്ന സെയ്ത് (17) ആണ് മരിച്ചത്. നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.

തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം നടന്നത്. ഷാഹിദും കൂടെയുള്ള കുട്ടികളും ചേർന്ന് ഉദയഗിരിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ കുട്ടി കയത്തിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികളും നാട്ടുകാരും ഓടിയെത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും, കുളത്തിന് കൂടുതൽ ആഴമുള്ളതിനാൽ അത് സാധിച്ചില്ല.

തുടർന്ന് നാട്ടുകാർ കാസർകോട് അഗ്‌നിശമന രക്ഷാസേനയെ വിവരം അറിയിച്ചു. ഉടൻ തന്നെ ഫയർഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. അഗ്നിശമന സേനയിലെ സ്കൂബ ഡൈവറായ ഇ. പ്രസീദ് ആണ് വെള്ളത്തിൽ മുങ്ങിത്താണ കുട്ടിയെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട് ഫയർ സ്റ്റേഷനിലെ സീനിയർ ഫയർ ആൻഡ് റസ്‌ക്യു ഓഫീസർ രഞ്ജിത്ത്, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ ജുബിൽ, മുഹമ്മദ് സിറാജുദ്ദീൻ, ഷബിൽ കുമാർ, രമേശ് എം, ഹോം ഗാർഡ് സോബിൻ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. വിദ്യാനഗർ ചാല ബി.എഡ് സെന്ററിനു സമീപത്തുനിന്നും ഉദയഗിരിയിലേക്ക് താമസം മാറിയതാണ് അബൂബക്കറും കുടുംബവും.

Leave a Reply

Your email address will not be published. Required fields are marked *