തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കേരള പോലീസ് നടത്തിയ പ്രത്യേക പരിശോധനയായ ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ. കേരളത്തിലെ എല്ലാ ജില്ലകളിലും ഒരേസമയം നടത്തിയ വ്യാപകമായ പരിശോധനയിൽ ഇതുവരെ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പിടിയിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അവരുടെ സാമ്പത്തിക സ്രോതസ്സുകളും വിതരണ ശൃംഖലകളും പൂർണ്ണമായും കണ്ടെത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്.
വൻതോതിൽ സിന്തറ്റിക് ലഹരിമരുന്ന് വേട്ട ഓപ്പറേഷനിലൂടെ വൻതോതിലുള്ള സിന്തറ്റിക് ലഹരിമരുന്നുകളാണ് പോലീസ് പിടിച്ചെടുത്തത്. വിവിധയിടങ്ങളിൽ നിന്നായി ഏകദേശം 500 ഗ്രാം എംഡിഎംഎയും (MDMA) 37 കിലോ കഞ്ചാവും പിടികൂടിയിട്ടുണ്ട്. സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വിൽപ്പന തടയാനുള്ള കർശന നടപടികളും ഇതിന്റെ ഭാഗമായി പുരോഗമിക്കുകയാണ്. സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് മയക്കുമരുന്നുകളുടെ വിതരണക്കാരും പോലീസിന്റെ വലയിലായിട്ടുണ്ടെന്ന് ഡിജിപി വ്യക്തമാക്കി.
ലഹരിയുടെ വരവ് ബെംഗളൂരു വഴിയും വിമാനത്താവളങ്ങൾ വഴിയും ലഹരിവസ്തുക്കൾ കേരളത്തിലേക്ക് എത്തുന്ന പ്രധാന സ്രോതസ്സുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിർത്തികളിൽ നിന്നാണ് കേരളത്തിലേക്ക് കടത്തുന്നത്. എന്നാൽ, എംഡിഎംഎ പോലുള്ള മാരക സിന്തറ്റിക് ലഹരിമരുന്നുകൾ ബെംഗളൂരു വഴിയും കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുമാണ് സംസ്ഥാനത്തേക്ക് എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നെറ്റ‌്വർക്കുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിലവിൽ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണ്.
ഓരോ സബ്‌ഡിവിഷനിലും 4 പ്രത്യേക ടീമുകൾ ശാസ്ത്രീയമായ അന്വേഷണത്തിനായി ഓരോ സബ്‌ഡിവിഷനിലും നാല് പ്രത്യേക ടീമുകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്. ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കൽ, ലഹരിമരുന്ന് കണ്ടെത്തൽ, അന്വേഷണം പൂർത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, ലഹരിവിരുദ്ധ ബോധവൽക്കരണം എന്നിവയാണ് ഈ ടീമുകളുടെ പ്രധാന ചുമതലകൾ. എഫ്എസ്എൽ (FSL) റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കി, കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതിയുമുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു.
അന്തർസംസ്ഥാന സംയുക്ത പരിശോധനകൾ വരുന്നു അന്തർസംസ്ഥാന ലഹരി ബന്ധങ്ങൾ തകർക്കാൻ ആന്ധ്രപ്രദേശ് ഡിജിപിയുമായി ചേർന്ന് ഇൻ്റർസ്റ്റേറ്റ് മീറ്റിങുകൾ സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. വരും ദിവസങ്ങളിൽ ദേശീയ അന്വേഷണ ഏജൻസികളുമായും ഡിആർഐ (DRI) പോലുള്ള കേന്ദ്ര വിഭാഗങ്ങളുമായും ചേർന്ന് സംയുക്ത പരിശോധനകൾ തുടരും. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങൾ വഴിയുമുള്ള സിന്തറ്റിക് ഡ്രഗ്‌സ് കടത്ത് തടയാൻ ഇൻറലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. ‘ഓപ്പറേഷൻ തൂഫാൻ’ ലഹരി വിരുദ്ധ പോരാട്ടത്തിൻ്റെ ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.













Leave a Reply