നടപടിയുമായി കുവൈത്ത്; ഇറാനിയൻ നയതന്ത്രജ്ഞർ ഉടൻ രാജ്യം വിടണം

ഇറാനെതിരെ കടുത്ത നയതന്ത്ര നടപടിയുമായി കുവൈത്ത്. രാജ്യത്തുള്ള ഇറാനിയൻ നയതന്ത്രജ്ഞർ ഇരുപത്തിനാല് മണിക്കൂറിനകം കുവൈത്ത് വിടണമെന്ന് കുവൈത്ത് സർക്കാർ. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന്റെ നടുക്കത്തിലാണ് ലോകരാജ്യങ്ങളിൽ. ഇന്നു രാവിലെ ഹോർമുസ് കടലിടുക്കിനടുത്തുള്ള ഖഷാം ദ്വീപിലേക്ക് അമേരിക്കൻ സെൻട്രൽ കമാൻഡ് നടത്തിയ ആക്രമണത്തിനു പിന്നാലെയാണ് ഇറാൻ പ്രത്യാക്രമണം നടത്തിയത്.

കുവൈത്ത് വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടിരുന്നു. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. 63 പേർക്ക് പരുക്കേറ്റു. ബഹ്റെനിലും ഇറാൻ ആക്രമണം നടത്തി. കുവൈത്തിലേക്കും ബഹ്റൈനിലേക്കുമുള്ള വിമാന സർവീസുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. എയർപോർട്ടിലെ ഒരു കരാർ സ്ഥാപനത്തിലെ ജീവനക്കാരനാണ് മൻസൂർ അഹമ്മദ് റഹ്മാൻ.

ആശുപത്രിയിൽവച്ചായിരുന്നു മരണം. അഹമ്മദ്‌ റഹ്മാന്റെ കുടുംബത്തിനാവശ്യമായ സഹായം നൽകുമെന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. അറുപത്തിമൂന്ന് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഏഴ് പേരെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയരാക്കി. ആറ് ആശുപത്രികളിലായാണ് പരുക്കേറ്റവരെ ചികിത്സിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒന്നാം ടെർമിനൽ പൂർണമായി അടച്ചു. ബഹ്റൈന് നേർക്ക് മിസൈൽ ആക്രമണമുണ്ടായെന്നും ഫലപ്രദമായി ചെറുക്കാൻ കഴിഞ്ഞെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ഗൾഫ് രാഷ്ട്രങ്ങൾ കനത്ത പ്രതിഷേധമുയർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *