ദമാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശി മണോലി വീട്ടിൽ സജീം (45), കണ്ണൂർ ചെറുകുന്ന് സ്വദേശി കണ്ടിവളപ്പിൽ ശ്രീലേഷ് (42) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ദഹ്റാൻ–ജുബൈൽ ഹൈവേയിൽ ഖത്വീഫ് സെൻട്രൽ ആശുപത്രിക്ക് സമീപമായിരുന്നു അപകടം സംഭവിച്ചത്.
നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറി; കാർ താഴ്ചയിലേക്ക് മറിഞ്ഞു റാസ് തനൂറയിൽ നിന്ന് ദമാമിലേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ വാഹനത്തിലേക്ക് ഒരു സൗദി സ്വദേശി യുവാവ് ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നു. ശക്തമായ ഇടിയുടെ ആഘാതത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ പലതവണ മറിഞ്ഞ് റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയാണ് ഉണ്ടായത്.
പൂർണ്ണമായും തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ ഇരുവരെയും ഏറെ ശ്രമപ്പെട്ടാണ് രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. സജീം അപകടസ്ഥലത്തു വച്ചുതന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീലേഷിനെ ഉടൻ തന്നെ ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
അപകടവിവരമറിഞ്ഞത് രാത്രി വൈകി ദമാമിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്ന സജീമിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട ശ്രീലേഷ്. രാത്രി വൈകിയും ഇരുവരും താമസസ്ഥലത്ത് തിരിച്ചെത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. ഇതിനിടയിലാണ് ഖത്വീഫ് പൊലീസിൽ നിന്നും അപകടവിവരം സുഹൃത്തുക്കൾ അറിയുന്നത്.
നിലവിൽ ഇരുവരുടെയും മൃതദേഹങ്ങൾ ഖത്വീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.















Leave a Reply