‘വധിക്കാൻ ഉത്തരവിടാൻ ഇത് യുപിയോ ബീഹാറോ അല്ല’; സർക്കാരിനും പൊലീസിനുമെതിരെ ആകാശ് തില്ലങ്കേരി

കണ്ണൂർ: പൊലീസ് നടപടികൾക്കും ഭരണകൂടത്തിന്റെ നിലപാടുകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ആകാശ് തില്ലങ്കേരി. അർജുൻ ആയങ്കി വിഷയത്തിൽ പൊലീസിനെ പരസ്യമായി അധിക്ഷേപിച്ചതിനോട് തനിക്ക് ശക്തമായ വിയോജിപ്പുണ്ടെങ്കിലും, അതിന് കാരണമായ പൊലീസിന്റെ കള്ളക്കേസിനെയും ഭരണകൂടത്തിന്റെ അടിച്ചമർത്തൽ രീതികളെയും നിസ്സാരവൽക്കരിക്കാൻ കഴിയില്ലെന്ന് ആകാശ് തില്ലങ്കേരി ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ഒരു കള്ളക്കേസിൽ കുടുക്കിയപ്പോഴുണ്ടായ വികാരത്തള്ളിച്ചയിലാണ് അർജുൻ അങ്ങനെ പ്രതികരിച്ചതെന്ന് ചൂണ്ടിക്കാണിച്ച ആകാശ്, ഒരു ജനാധിപത്യ സമൂഹത്തിൽ എതിർപ്പുകൾ നിയമപരമായും രാഷ്ട്രീയമായുമാണ് പ്രകടിപ്പിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. ആ എടുത്തുചാട്ടത്തെ വിമർശിക്കുമ്പോഴും, അതിന് കാരണമായ പൊലീസിന്റെ അന്യായം മറച്ചുവെക്കാനാകില്ലെന്നും അന്നും ഇന്നും എന്നും താനും കൂട്ടുകാരും അർജുനൊപ്പം തന്നെ നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു തെറ്റ് ചെയ്തു എന്നതിന്റെ പേരിൽ ഒരു പൗരനെ ‘വെടിവെച്ചുകൊല്ലാൻ’ ഉത്തരവിടാൻ ഇത് സംഘപരിവാർ ബുൾഡോസർ ഭരണമുള്ള യുപിയോ ബീഹാറോ അല്ലെന്ന് മുന്നറിയിപ്പ് നൽകിയ കുറിപ്പിൽ, ജനാധിപത്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും മഹത്വം പറയുന്ന കോൺഗ്രസ്, കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണോ എന്നും ആകാശ് ചോദ്യമുയർത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *